മസ്കറ്റ്: ഒമാനിലെ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷവും പൊന്നോണവും സംയുക്തമായി സംഘടിപ്പിക്കുന്നു. 'ഗുരുജയന്തി പൊന്നോണം 2026' എന്ന പേരിൽ സെപ്റ്റംബർ 11-ന് വൈകുന്നേരം 5 മണി മുതൽ 9 മണി വരെ സീബിലെ റാമി ഡ്രീം റിസോർട്ടിൽ (Ramee Dream Resort, Seeb) വെച്ചാണ് പ്രൗഢഗംഭീരമായ പരിപാടികൾ അരങ്ങേറുന്നത്.

To advertise here,

മനുഷ്യത്വത്തിന്റെയും മാനവികതയുടെയും സന്ദേശം പകർന്ന ശ്രീനാരായണഗുരുവിന്റെ ജയന്തിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രൗഢഗംഭീരമായ താലപ്പൊലി ഘോഷയാത്ര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് വനിതകളുടെ തിരുവാതിരക്കളി, കാണികളുടെ മനംകവരുന്ന വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും.

ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി പ്രശാന്ത് പിസെ, കേരള യൂത്ത് അഫയേഴ്‌സ്-സ്പോർട്സ്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും. വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുമെന്നും സഭാ പ്രസിഡന്റ് അഡ്വ. എം. കെ. പ്രസാദ്, സെക്രട്ടറി സിജുമോൻ സുകുമാരൻ, പ്രോഗ്രാം കൺവീനർ സുരേഷ് തേറമ്പിൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.