മസ്കറ്റ് : ഒമാനിൽ മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, കൈവശം വെക്കൽ എന്നിവക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു. കുറ്റവാളികൾക്ക് കനത്ത പിഴയും തടവും മുതൽ ജീവനപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാവുന്ന രീതിയിലാണ് പരിഷ്കരണം.
ലഹരി മരുന്ന് ഉപയോഗിക്കുന്നവരെയും അത് കടത്തുന്നവരെയും പുതിയ നിയമം കൃത്യമായി വേർതിരിക്കുന്നുണ്ടെന്ന് മയക്കുമരുന്ന്-മനുഷ്യക്കടത്ത് കേസുകൾക്കായുള്ള പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ഹമദ് ബിൻ സയീദ് അൽ ഗഫ്രി ‘ഒമാൻ ടിവി’യോട് വ്യക്തമാക്കി. റോയൽ ഡിക്രി 17/99 പ്രകാരമുള്ള പഴയ ലഹരിവിരുദ്ധ നിയമത്തിന് പകരമാണ് പുതിയ പരിഷ്കരിച്ച നിയമം ഒമാനിൽ നടപ്പിലാക്കിയിരിക്കുന്നത്. റോയൽ ഡിക്രി നമ്പർ 67/2026 പ്രകാരം പുറപ്പെടുവിച്ച ‘നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിരുദ്ധ നിയമം’ അനുസരിച്ച് കുറ്റവാളികൾക്ക് കനത്ത പിഴയും തടവും മുതൽ ജീവനപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാം. ലഹരിക്ക് അടിമപ്പെട്ടവർക്ക് ശിക്ഷക്ക് പകരം ചികിത്സയും പുനരധിവാസവും നൽകാനുള്ള വിപുലമായ വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. സ്വന്തം ആവശ്യത്തിനായി ലഹരിമരുന്ന് കൈവശം വെക്കുകയോ, വാങ്ങുകയോ, നിർമ്മിക്കുകയോ ചെയ്താൽ ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവും 1,000 മുതൽ 5,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കും. ലഹരിമരുന്ന് കടത്തുകയോ വിൽപനക്കായി നിർമിക്കുകയോ ചെയ്താൽ കഠിനതടവും 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴയും ആവും ശിക്ഷ ലഭിക്കുക. ലഹരിക്കടത്ത് നടത്തുന്നവർ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണെങ്കിൽ അവർക്ക് വധശിക്ഷ വരെ ലഭിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഔദ്യോഗിക പദവിയോ നിയമപരമായ പരിരക്ഷയോ ദുരുപയോഗം ചെയ്താലും അന്താരാഷ്ട്ര ലഹരിമാഫിയകളുമായി ബന്ധമുണ്ടെങ്കിലും വധശിക്ഷ വരെ നൽകാൻ നിയമം പറയുന്നുണ്ട്. ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്താൽ ചുരുങ്ങിയത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും ലഭിക്കും. സ്കൂളുകൾ, കായിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ജയിലുകൾ എന്നിവക്ക് സമീപം വെച്ചാണ് കുറ്റകൃത്യം നടത്തുന്നതെങ്കിൽ ശിക്ഷ ജീവനപര്യന്തമായി ഉയരുകയും ചെയ്യും.
Content Highlights: Oman implements a revised anti-drug law via Royal Decree 67/2026., Punishments range from fines and imprisonment to life imprisonment and the death penalty., Drug traffickers face severe penalties including death for repeat offenses or international mafia links., Provisions include treatment and rehabilitation for drug addicts instead of punishment.
Published: 14 Sept 2026, 12:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented