മുംബൈ : ഉത്സവസീസണിൽ മുംബൈയിൽ വർധിച്ചുവരുന്ന വായുമലിനീകരണത്തിൽ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. തീരദേശനഗരമായ മുംബൈയിൽ ഡൽഹിയേക്കാൾ ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

To advertise here,

ഉത്സവ വേളകളിൽ വായു, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് നഗരസഭയേയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിനെയും പോലീസിനെയും കോടതി വിമർശിച്ചു. പടക്കങ്ങൾ പൊട്ടിക്കുന്നത് നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്നും കോടതി ഉത്തരവിട്ടു.

റോഡുകളിലും തെരുവുകളിലും നടപ്പാതകളിലും പടക്കം പൊട്ടിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നിരോധനം എങ്ങനെ കർശനമായി നടപ്പാക്കുമെന്ന് വിശദീകരിച്ച് ഒക്ടോബർ 26-നകം സത്യവാങ്മൂലം സമർപ്പിക്കാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) കമ്മിഷണറോടും മുംബൈ പോലീസ് കമ്മിഷണറോടും കോടതി നിർദേശിച്ചു.

നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിന് ഒരു പൊതുമാനദണ്ഡം തയ്യാറാക്കാനും കോടതി അധികാരികളോട് ഉത്തരവിട്ടു.

നിരോധനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു യോഗം വിളിക്കാൻ പോലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, കോടതികൾ, സ്‌കൂളുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെയുള്ള നിശ്ശബ്ദ മേഖലകളിൽ പടക്കങ്ങൾ പൂർണമായും നിരോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

തിരക്കേറിയ പൊതുനിരത്തുകളിൽ തുടർച്ചയായി പടക്കം പൊട്ടിക്കുന്നതിലും ഘോഷയാത്രകളിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നതിലും ജസ്റ്റിസ് ഗിരീഷ് എസ്.കുൽക്കർണി, ജസ്റ്റിസ് നീല ഗോഖലെ എന്നിവരുടെ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

തീരദേശ നഗരമായ മുംബൈയിൽ കടൽക്കാറ്റിന്റെ സന്നിധ്യം കൂടാതെ തുറസായ സ്ഥലങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് മലിനീകരണത്തിൽ ബുദ്ധിമുട്ടുന്നതെന്ന് ബെഞ്ച് ചോദിച്ചു. ഇത് ഞെട്ടിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനത്തെക്കുറിച്ച് പൊതുജനാവബോധ പ്രചാരണങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടതിന് ബി.എം.സി.യെയും മലിനീകരണ നിയന്ത്രണ ബോർഡിനേയും കോടതി ശാസിച്ചു. ലക്ഷക്കണക്കിന് പൗരന്മാർ മലിനീകരണം മൂലം പ്രശ്നങ്ങൾ നേരിടുമ്പോൾ ഉദ്യോഗസ്ഥർക്ക് എങ്ങനെ സമാധാനമായി ഉറങ്ങാൻ കഴിയുമെന്ന് ജസ്റ്റിസ് കുൽക്കർണി ചോദിച്ചു.