മുംബൈ ആസാദ് മൈതാനത്ത് ത്രിവർണം

To advertise here,

മുംബൈ : സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകളുറങ്ങുന്ന ആസാദ് മൈതാനത്ത് വെള്ളിയാഴ്ച ത്രിവർണപതാകകൾ പാറി. ഡൽഹിയിൽ അറസ്റ്റിലായ രണ്ടു നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സംഘടിപ്പിച്ച ‘ലെഹ്ര ദോ തിരംഗ’ പ്രതിഷേധത്തിൽ അനുഭാവികൾ ഒത്തുചേർന്നു.

പാർട്ടി സഹകൺവീനർമാരായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റിലായതാണ് പ്രതിഷേധത്തിന് കാരണം. ജന്തർ മന്തറിൽ പ്രവേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് ഇരുവരെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഔദ്യോഗിക പ്രതിഷേധകേന്ദ്രമെന്ന പദവി നീക്കിയ ജന്തർമന്തറിൽ കടന്നെന്ന ആരോപണത്തിലാണ് ഒക്ടോബർ 13-ന് ഡൽഹി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദേശീയ പതാക ഏന്തിയതിനാണ് ഇരുവരും ജയിലിലായതെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്‌കെ ആരോപിച്ചിരുന്നു. ഡൽഹിയിൽ എത്താൻകഴിയാത്തവർ അവരവരുടെ പ്രദേശങ്ങളിൽ തിരംഗ മാർച്ച് നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. ആ ആഹ്വാനത്തിന്റെ മുംബൈ പതിപ്പായിരുന്നു ആസാദ് മൈതാനത്തെ റാലി.

പ്രതിഷേധം ആസാദ് മൈതാനത്തു മാത്രമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയതിനു പിന്നാലെയാണ് റാലിക്ക് മുംബൈ പോലീസ് അനുമതി നൽകിയത്.