നവരാത്രിമാഹാത്മ്യം

To advertise here,

ആത്മാവിനെ അറിയുന്നത് ജ്ഞാനവും ശാസ്ത്രാദികൾ അറിയുന്നത് വിജ്ഞാനവുമാണ്. എന്നാൽ, ജീവരാശിയുടെ നിലനിൽപ്പിന് ആധാരമായ സർവോത്‌കൃഷ്ടമായ അറിവാണ് സംജ്ഞാനം. സംജ്ഞാനാർജനത്തിലൂടെ സഹജമായ അഹങ്കാരത്തെ മൂടോടെ പിഴുതുമാറ്റാനുള്ള പ്രചോദനം നൽകുന്നതാണ് നവരാത്രി ആഘോഷം. മനസ്സും വാക്കും കർമവും ശുദ്ധീകരിച്ച് ഉത്തമമായ ജീവിതപന്ഥാവും പാഥേയവും സ്വീകരിക്കാൻ ഇത്‌ പ്രേരണ നൽകുന്നു.

ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകങ്ങളായ മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും ആരാധിക്കപ്പെടുകയും ആ പ്രപഞ്ചമാതാക്കൾ രുദ്രനോടും വിഷ്ണുവിനോടും ബ്രഹ്‌മാവിനോടും സംഗമിച്ച ധന്യമുഹൂർത്തങ്ങൾ സ്മരിക്കപ്പെടുകയുംചെയ്യുന്നു.

മലിനവും ചപലവുമായ മനസ്സിന്റെയും ബുദ്ധിയുടെയും ശുദ്ധീകരണത്തിനുള്ള സംഘടിതയത്നമാണ് നവരാത്രി ആഘോഷത്തിലൂടെ നടക്കുന്നത്. ഈശ്വരാനുഗ്രഹംകൊണ്ട് ലഭിക്കുന്ന സമ്പത്തും സ്ഥാനമാനങ്ങളും പലരെയും മത്തുപിടിപ്പിക്കുന്നു. ഭഗവാൻ കനിഞ്ഞുനൽകുന്നതാണിതൊക്കെ എന്ന സത്യം വിസ്മരിച്ചുകൊണ്ട് മനുഷ്യൻ താനൊരു കേമനാണെന്ന് ധരിക്കുന്നു. ഭഗവൽപ്രസാദമായി ലഭിച്ച സമ്പത്തും സ്ഥാനമാനങ്ങളും മറ്റുള്ളവർക്ക് ദ്രോഹപ്രവൃത്തി ചെയ്യുന്നതിനായി വിനിയോഗിക്കുന്നു. സഹജീവികളെ ദ്രോഹിക്കുന്നതിലൂടെ ആനന്ദമനുഭവിക്കുന്ന അഹങ്കാരികളായ മഹിഷാസുരന്മാർ സമൂഹത്തിൽ ഏറെയുണ്ട്.

ജീവാത്മാവിന്റെ പരമാത്മാവിലേക്കുള്ള പ്രയാണമാർഗത്തിൽ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ട് നിലകൊള്ളുന്നതാണ് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ എന്നീ എട്ടുതലകളുള്ള അഹങ്കാരസർപ്പം. ഇതിനെയാണ് അഷ്ടാഹങ്കാരങ്ങളെന്നും അഷ്ടരാഗങ്ങളെന്നും മറ്റും പറയുന്നത്.

പരമാത്മാവിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്ക് തടസ്സംസൃഷ്ടിച്ചുകൊണ്ട് നിലകൊള്ളുന്നതും മനുഷ്യനെ സംസാരചക്രത്തിൽ തളച്ചിട്ട് ദുഃഖിപ്പിക്കുന്നതുമായ അഹങ്കാരസർപ്പത്തിന്റെ എട്ടുതലകളെയും വിവേകാനുഭൂതി എന്ന വാളുകൊണ്ട് ഒന്നൊന്നായി ഛേദിച്ചുകഴിഞ്ഞാൽ പിന്നീട് ‘നവമി’യുടെ ഉദയമായി.

അജ്ഞാനത്തിന്റെ അന്ധകാരം നിറഞ്ഞ എട്ട് രാവുകളിൽനിന്ന് രക്ഷപ്പെട്ടാൽ അഷ്ടാഹങ്കാരങ്ങൾ അകലുകയും സംജ്ഞാനപ്രഭ ചൊരിയുന്ന ‘നവമി’ എന്ന പുതുമയിലെത്തുകയും ചെയ്യുന്നു.

സംജ്ഞാനം സിദ്ധിച്ച വ്യക്തി, സർവതന്ത്രസ്വതന്ത്രമായ ശാന്തിയുടെയും ആനന്ദത്തിന്റെയും ഔന്നത്യത്തിലേക്കുയരുന്നു. ആ വിജയം സംഭവിക്കുന്ന ദിവസമാണ് വിജയദശമി.