മൂന്നുവിഭാഗങ്ങളിൽ ഇടംനേടി കേരളത്തിന്റെ സർപ്പക്കാവ് സംഗീതപാരമ്പര്യം
മുംബൈ : കേരളത്തിന്റെ സർപ്പക്കാവും പുള്ളുവൻപാട്ടും ലോകസംഗീതത്തിന്റെ വലിയ വേദിയിലേക്ക്. തലമുറകളിലൂടെ കൈമാറിയെത്തിയ പുള്ളുവൻപാട്ടിന്റെ തനിമയും ആധുനിക സംഗീത സാങ്കേതികവിദ്യയുടെ സാധ്യതകളും സമന്വയിപ്പിച്ചൊരുക്കിയ ‘കാവ് ദി സീക്രട്ട് സെർപ്പന്റ് ഗ്രോവ്’ എന്ന സംഗീതാവിഷ്കാരം 69-ാമത് ഗ്രാമി പുരസ്കാരങ്ങളുടെ മൂന്നു വിഭാഗങ്ങളിൽ പരിഗണനയ്ക്കായി സ്വീകരിക്കപ്പെട്ടു.
മലയാളിയും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലച്ചിത്രസംവിധായകനും നിർമാതാവും പരസ്യചിത്രസംവിധായകനുമായ അജയ് ദേവലോകയുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതപദ്ധതിയാണിത്. അമേരിക്കൻ റെക്കോഡ് ലേബലായ സി സിക്സ് എഫ് റെക്കോഡ്സാണ് സംഗീതാവിഷ്കാരം പുറത്തിറക്കിയത്.
സോങ് ഓഫ് ദ ഇയർ, റെക്കോഡ് ഓഫ് ദ ഇയർ, ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ‘കാവ്’ ഗ്രാമി പുരസ്കാര പരിഗണനയ്ക്കെത്തിയത്. മുഹമ്മദ് അലിയാണ് മ്യൂസിക് പ്രൊഡ്യൂസർ.
കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ സവിശേഷസ്ഥാനമുള്ള സർപ്പക്കാവുകളും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും സംഗീതത്തിലൂടെ പുനരാവിഷ്കരിക്കുകയാണ് ‘കാവ്.’
പുള്ളുവൻപാട്ടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ പുതിയകാലത്തിന്റെ സംഗീതഭാഷയിൽ അതിനെ അവതരിപ്പിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഓസ്കർ നേടിയ ‘ജയ് ഹോ’ ഗാനത്തിലൂടെ ഗ്രാമി പുരസ്കാരവും സ്വന്തമാക്കിയ ഇന്ത്യൻഗായിക തൻവി ഷായുടെ സാന്നിധ്യമാണ് സംഗീതാവിഷ്കാരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഗ്രാമി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻവനിതയായ തൻവി ഷായ്ക്കൊപ്പം മലയാളിയും പുള്ളുവൻപാട്ട് കലാകാരിയും ഗായികയുമായ ഏയ്ഞ്ചൽ ജോഷിയും ഗാനത്തിന് ശബ്ദംനൽകിയിട്ടുണ്ട്. സംഗീതസംവിധാനവും രചനയും നിർവഹിച്ച ഏയ്ഞ്ചൽ ജോഷി പരമ്പരാഗത വാദ്യോപകരണമായ പുള്ളുവൻകുടവും വായിച്ചിട്ടുണ്ട്.
Published: 15 Oct 2026, 12:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented