മുംബൈ : പുനർനിർമിച്ച സയൺ റെയിൽവേ പാലം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കും. പുതിയപാലം ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സയൺ റെയിൽവേ സ്റ്റേഷന് സമീപത്ത് 112 വർഷം പഴക്കമുള്ള കൊളോണിയൽ കാലഘട്ടത്തിലെ മേൽപ്പാലത്തിന് പകരമായി പുതുതായി നിർമിച്ച പാലമാണിത്. പുതിയ പാലത്തിന് 54.5 മീറ്റർ നീളവും 29 മീറ്റർ വീതിയുമുണ്ട്. റെയിൽവേ ട്രാക്കുകൾക്ക് മുകളിലുടെ തൂണുകളില്ലാത്ത രൂപകൽപ്പനയിലാണ് പാലം പണിതിട്ടുള്ളത്. ഇത് ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും കുർളയ്ക്കും ഇടയിലുള്ള നിർദ്ദിഷ്ട അഞ്ചാമത്തെയും ആറാമത്തെയും റെയിൽവേ ലൈനുകൾക്ക് മതിയായ ഇടം നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ പാലം ഗതാഗതത്തിനായി ഉടൻ തുറക്കുമെന്നും തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും ബി.എം.സി. അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ (പ്രൊജക്ട്സ്) അഭിജിത് ബംഗാർ പറഞ്ഞു. 2019-ൽ ഐ.ഐ.ടി. ബോംബെ നടത്തിയ സുരക്ഷാ ഓഡിറ്റിനെത്തുടർന്ന് പഴയപാലം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാലം പൊളിച്ചതോടെ വാഹനങ്ങൾ ധാരാവി,ബി.കെ.സി.-ചുനഭട്ടി ലിങ്ക് റോഡ്, സാന്താക്രൂസ്-ചെമ്പൂർ ലിങ്ക് റോഡ് എന്നിവയിലൂടെ വഴിതിരിച്ചുവിടേണ്ടി വന്നു, ഇത് കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി.

To advertise here,