ഓവർ ടൈമിന് ഇരട്ടിവേതനം

To advertise here,

മുംബൈ : മഹാരാഷ്ട്രയിൽ ദിവസവേതനക്കാരുടെ ജോലിസമയം, മിനിമം വേതനം, വിശ്രമം, ഓവർടൈം എന്നിവയ്ക്ക് ഏകീകൃത വ്യവസ്ഥകൾ. 2026-ലെ മഹാരാഷ്ട്ര വേതന നിയമങ്ങൾ പ്രാബല്യത്തിലാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ലെ വേതനകോഡിന് കീഴിൽ വരുന്ന ജീവനക്കാരുടെ വേതനസംരക്ഷണം പുതിയ ചട്ടക്കൂട് ശക്തിപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രി ആകാശ് ഫുണ്ട്കർ പറഞ്ഞു.

1963-ലെ മഹാരാഷ്ട്ര മിനിമംവേതന നിയമം, 1963-ലെ മഹാരാഷ്ട്ര പെയ്‌മന്റ് ഓഫ് വേജസ് നിയമം എന്നിവ ഇതോടെ ഇല്ലാതായി. എന്നിരുന്നാലും സംസ്ഥാന സർക്കാർ ജീവനക്കാരുടെ വേതനം നിർണയിക്കുന്നതിന് ഇത് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു.

പുതിയ വ്യവസ്ഥകൾ പ്രകാരം ദിവസവേതനക്കാർക്ക് ഒരു സാധാരണപ്രവൃത്തി ദിവസമെന്നത് എട്ട് മണിക്കൂറായിരിക്കും. പ്രവൃത്തിസമയം ആഴ്ചയിൽ 48 മണിക്കൂറിൽ കവിയരുത്. ആഴ്ചതോറും ഒരുദിവസം വിശ്രമം നൽകണം. വിശ്രമദിനത്തിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ പകരം അവധി നൽകണം. സാധാരണ വേതനനിരക്കിന്റെ ഇരട്ടിയിൽ കുറയാത്ത ഓവർടൈം തുക നൽകണം.

അലവൻസുകളും മറ്റും ജീവനക്കാരന്റെ മൊത്തം വേതനത്തിന്റെ 50 ശതമാനത്തിൽ കൂടുതലാകുമ്പോൾ അധികതുക വേതനത്തിൽ ലയിപ്പിക്കും. വേതനം നിശ്ചയിക്കുന്നതിലും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ നിർണയത്തിലും കൂടുതൽ സ്ഥിരത കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥ. ഏപ്രിൽ ഒന്നിനും ഒക്ടോബർ ഒന്നിനും മുൻപായി വർഷത്തിൽ രണ്ടുതവണ വേരിയബിൾ ക്ഷാമബത്ത പരിഷ്കരിക്കണം.

തൊഴിലാളികൾക്കായുള്ള ശരാശരി ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയായിരിക്കും പരിഷ്‌കരണങ്ങൾ. നഷ്ടപരിഹാരമായോ പിഴയായോ വേതനത്തിൽനിന്ന് തുക ഈടാക്കാൻ ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും നിലപാട് വിശദീകരിക്കാൻ അവസരം നൽകുകയും വേണം. സ്ഥാപനങ്ങൾ ജീവനക്കാരുടെ രജിസ്റ്ററുകൾ, വേതന, ഓവർടൈം രജിസ്റ്ററുകൾ, ഹാജർ രേഖകൾ എന്നിവ നേരിട്ട് അല്ലെങ്കിൽ ഡിജിറ്റലായി സൂക്ഷിക്കണം. ശമ്പളദിനത്തിലോ അതിനുമുൻപോ ജീവനക്കാർക്ക് വേതനസ്ലിപ്പുകൾ നൽകണം.