പുണെ : മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാനും ജനങ്ങളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകുന്നതിനായി അതിന്റെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. പുണെ ജില്ലാ പരിഷത്ത് ഓഫീസിൽ അന്തരിച്ച എൻ.സി.പി. നേതാവിന്റെ പ്രതിമ അമിത് ഷാ അനാച്ഛാദനംചെയ്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫഡ്നവിസ്.
ഈ വർഷം ജനുവരി 28-ന് മുംബൈയിൽനിന്ന് ബാരാമതിയിലേക്കുള്ള യാത്രാമധ്യേ ബാരാമതി വിമാനത്താവളത്തിൽ വി.എസ്.ആർ. വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലിയർജെറ്റ് 45 വിമാനം തകർന്നുവീണാണ് അജിത് പവാറും മറ്റ് നാലുപേരും മരിച്ചത്.
സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര സി.ഐ.ഡിയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എ.എ.ഐ.ബി) വെവ്വേറെ അന്വേഷണം നടത്തിവരികയാണ്. അപകടത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ടെന്നും സംസ്ഥാനത്തുടനീളം ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നും ഫഡ്നവിസ് പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുമുള്ള സംഘങ്ങളും അന്വേഷണത്തിൽ സഹായിക്കുന്നു. എന്നിരുന്നാലും, മഹാരാഷ്ട്രയിലെ സാധാരണക്കാരുടെ മനസ്സിലെ ആശയക്കുഴപ്പവും ആശങ്കകളും പരിഹരിക്കപ്പെടണം. അന്വേഷണ റിപ്പോർട്ട് എത്രയുംവേഗം പുറത്തുവരണമെന്ന് മുഖ്യമന്ത്രിപറഞ്ഞു. അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെട്ട അന്വേഷണ റിപ്പോർട്ട് എത്രയുംവേഗം പുറത്തുകൊണ്ടുവരാൻ നടപടിയെടുക്കുമെന്നും ഇക്കാര്യം വ്യക്തിപരമായി പരിശോധിക്കുമെന്നും അമിത് ഷാ തനിക്ക് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലയോട് പ്രത്യേക വാത്സല്യമുള്ള ഒരു നേതാവിന് അർഹമായ ശ്രദ്ധാഞ്ജലിയാണ് പുണെ ജില്ലാ പരിഷത്ത് സമർപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അജിത്പവാറിന്റെ ഭരണപരിചയം സർവകലാശാല പോലെയെന്ന് അമിത്ഷാ
പുണെ : മഹാരാഷ്ട്രയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് അജിത്പവാറിന്റെ വിയോഗമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഭാവിതലമുറയിലെ രാഷ്ട്രീയ നേതാക്കൾക്ക് ഒരു സർവകലാശാലപോലെ അറിവ് പകർന്ന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പുണെ ജില്ലാപരിഷത്ത് ഓഫീസ് പരിസരത്ത് അജിത്പവാറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ. പവാറിന്റെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പവാറിന്റെ മഹായുതിയിലേക്കുള്ള പ്രവേശനം സംസ്ഥാനത്തെ ഭരണസഖ്യത്തിന് സ്ഥിരത നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അജിത്പവാറിനെ സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ രണ്ടോ മൂന്നോ തവണ പരാജയപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ എൻ.സി.പി. മഹായുതിയുടെ ഒരു ഘടകമായി മാറി.
അദ്ദേഹത്തിന്റെ പ്രവേശനം മഹായുതിയിൽ സ്ഥിരതയും തുടർച്ചയും കൊണ്ടുവന്നു. പഞ്ചസാര ഫാക്ടറികൾ, ക്ഷീരോത്പാദന യൂണിയനുകൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, സഹകരണ ബാങ്കുകൾ, അവയുടെ ഭരണപരമായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അജിത് പവാറിന്റെ ധാരണയെ അമിത്ഷാ പ്രത്യേകം എടുത്തുകാട്ടി.
Published: 16 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented