കാഞ്ഞങ്ങാട്: കോഴിക്കോട്ടുനിന്നും കണ്ണൂരിൽനിന്നും തലശ്ശേരിയിൽനിന്നുമൊക്കെ നിത്യവും കാഞ്ഞങ്ങാട്ടെത്തുന്ന തീവണ്ടിയാത്രക്കാർ ധാരാളമുണ്ട്. അവർക്ക് രാത്രി എട്ടേമുക്കാലിന് കാഞ്ഞങ്ങാട്ടെത്തുന്ന നേത്രാവതി എക്സ്‌പ്രസിൽ കയറാനായില്ലെങ്കിൽ തീർന്നു. പിന്നെ പുലരണം കോഴിക്കോട്ടു നിന്ന് കാഞ്ഞങ്ങാട്ടേക്ക് തീവണ്ടി കിട്ടാൻ. രാത്രി 7.35-ന് എത്തുന്ന മലബാർ എക്സ്‌പ്രസ് പോയാൽ പിന്നെ കാഞ്ഞങ്ങാട്ടുകാർക്ക് കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്ക് പോകണമെങ്കിൽ അർധരാത്രിയെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിനെ കാത്തിരിക്കണം. ഇതിനിടയിലെല്ലാം തീവണ്ടികൾ കുതിച്ചോടുന്നുണ്ട്. പേക്ഷ, കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലെന്നുമാത്രം. പ്രതിവർഷം 19.92 കോടി രൂപ വരുമാനമുള്ള സ്റ്റേഷനാണിത്. ഇത് 20 കോടി രൂപയായാൽ കാസർകോടിനെ പോലെ കാറ്റഗറി മൂന്നിലെത്തും. നിലവിൽ നാലാം കാറ്റഗറിയിലുള്ള സ്റ്റേഷനാണിത്. ഏഴരക്കോടി രൂപയിൽ താഴെ വരുമാനമുള്ള നീലേശ്വരം സ്റ്റേഷന് കിട്ടുന്ന പരിഗണന പോലും അടുത്തകാലത്തായി കാഞ്ഞങ്ങാട് സ്റ്റേഷന് കിട്ടുന്നില്ലന്ന പരിഭവമാണ് തീവണ്ടിയാത്രക്കാർക്ക്.
ഗാന്ധിധാം, ഇന്തോർ, പോർബന്തർ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് പ്രതിവാര തീവണ്ടികളുണ്ട്. ലോക്മാന്യതിലക് സൂപ്പർഫാസ്റ്റടക്കമുള്ള ഈ തീവണ്ടികൾക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിച്ചാൽ രാത്രി എട്ടരയോടെ എല്ലാദിവസവും കാഞ്ഞങ്ങാട്ടിറങ്ങാൻ സാധിക്കും. പൂർണ എക്സ്‌പ്രസ്, രാമേശ്വരം എക്സ്‌പ്രസ് വണ്ടികൾ നിർത്തിയാൽ രാത്രിയിൽ തെക്കോട്ടുള്ള യാത്രയും സുഗമമാകും. കോവിഡിന് മുൻപ് നിർത്തിയിരുന്ന ജബൽപുർ-കോയമ്പത്തൂർ എക്സ്‌പ്രസിന് ഇപ്പോൾ കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ല. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്‌പ്രസിൽ കാഞ്ഞങ്ങാട്ടുനിന്ന് കയറുന്നവർക്ക് തിരികെ വരുമ്പോൾ നീലേശ്വരത്ത് ഇറങ്ങേണ്ട അവസ്ഥയാണ്. കോവിഡിനുശേഷമാണ് ഒരു ഭാഗത്തേക്കുള്ള സ്റ്റോപ്പ് എടുത്തുകളഞ്ഞത്. ഓരോ ദിവസത്തെയും ആഴ്ചയിലൊരു ദിവസത്തെയും തീവണ്ടികളുടെ കണക്കെടുത്താൽ അങ്ങോട്ടുമിങ്ങോട്ടുമായി കാഞ്ഞങ്ങാട് വഴി 93 തീവണ്ടികൾ ചീറിപ്പാഞ്ഞു പോകുന്നു. ഇതിൽ പാതിയെണ്ണത്തിന് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.
മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം പറയും
വെള്ളിയാഴ്ച മുഖ്യമന്ത്രി വി.ഡി.സതീശൻ കാഞ്ഞങ്ങാട്ടെത്തുമ്പോൾ കാഞ്ഞങ്ങാട്ടുകാർ റെയിൽവേ യാത്രക്കാരുടെ പ്രയാസങ്ങൾ അറിയിക്കും. കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ നടത്തിയ സർവകക്ഷിയോഗത്തിലാണ് തീരുമാനം. കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
നഗരസഭാധ്യക്ഷൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷനായി.
സി.പി.എം. നേതാക്കളായ അഡ്വ. പി.അപ്പുക്കുട്ടൻ, പി.കെ.നിഷാന്ത്, കോൺഗ്രസ് നേതാക്കളായ അഡ്വ. എം.സി.ജോസ്, അഡ്വ. പി.വി.സുരേഷ്, മുസ്‌ലിം ലീഗ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, ബി.ജെ.പി. നേതാക്കളായ എ.വേലായുധൻ, എൻ.അശോക് കുമാർ, സി.പി.ഐ. നേതാവ് എ.ദാമോദരൻ, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം, ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയംഗം കെ.പി.മോഹനൻ, മുൻ അംഗം പി.എം.അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.
റെയിൽവേ മന്ത്രിക്ക് കത്തയച്ച് എം.പി.
ദീർഘദൂര തീവണ്ടികൾക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്, ജബൽപുർ, രാമേശ്വരം, മരുസാഗർ എക്സ്‌പ്രസുകൾ ഉൾപ്പെടെയുള്ള തീവണ്ടികൾ നിർത്തണമെന്ന് എം.പി. ആവശ്യപ്പെട്ടു.
കേന്ദ്രസർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികൾക്കുൾപ്പെടെ പ്രയോജപ്പെടുന്ന ഒട്ടേറെ തീവണ്ടികൾക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശനും റെയിൽവേ മന്ത്രിക്ക് കത്തയച്ചു.
Published: 19 Nov 2026, 04:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented