ചങ്ങാട പരീക്ഷണം നടത്തി
അനന്തപുരം : മുപ്പതുവർഷത്തിനുശേഷം അനന്തപുരത്ത് തെപ്പോത്സവം നടക്കുന്നു. ഇതിനു മുന്നോടിയായി ചങ്ങാടത്തിൽ പരീക്ഷണം നടത്തി ക്ഷേത്ര കമ്മിറ്റി. പ്രസിദ്ധ തടാകക്ഷേത്രമായ അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് വരുന്ന ഫെബ്രുവരിയിൽ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി തെപ്പോത്സവം നടക്കുന്നത്.
ദേവവിഗ്രഹം ചങ്ങാടത്തിൽ പ്രതിഷ്ഠിച്ച് തടാകത്തിലൂടെ ശ്രീകോവിലിനെ പ്രദക്ഷിണം വെയ്ക്കുന്ന ചടങ്ങാണിത്. രണ്ടു വള്ളങ്ങൾ ഒരുമിച്ച് ചേർത്ത് അവയ്ക്കു മുകളിൽ പലകകൾ സ്ഥാപിച്ച് ചങ്ങാടമുണ്ടാക്കി ദേവവിഗ്രഹം പ്രതിഷ്ഠിക്കുകയാണ് ചെയ്യുക. അവസാനമായി 1996-ലാണ് തെപ്പോത്സവം നടന്നത്. 1972-ൽ കാഞ്ചി കാമകോടിസ്വാമി ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിന്റെ ശോച്യാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം പ്രദേശവാസികളെ വിളിച്ച് പുനരുദ്ധാരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. അഷ്ടമംഗലപ്രശ്നത്തിൽ ദേവന് തെപ്പോത്സവം വേണമെന്ന് കണ്ടെത്തി. തുടർന്ന് തെപ്പോത്സവവും നടന്നു. 1996 വരെ ഇത് തുടർന്നെങ്കിലും പിന്നീട് നിർത്തിവെച്ചു. ക്ഷേത്രദർശനത്തിനായി പണിത കോൺക്രീറ്റ് നടപ്പാത കാരണം ദേവവിഗ്രഹവുമായുള്ള പ്രദക്ഷിണം പൂർത്തിയാക്കാൻ കഴിയാത്തതായിരുന്നു കാരണം.
ഫെബ്രുവരിൽ നടക്കാനിരിക്കുന്ന ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി കോൺക്രീറ്റ് നടപ്പാത പൊളിച്ചുമാറ്റി പകരം ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ പറ്റുന്ന സ്റ്റീൽ നടപ്പാത സ്ഥാപിച്ചു. ഇതോടെ തെപ്പോത്സവത്തിൽ ദേവവിഗ്രഹ പ്രദക്ഷിണം പൂർത്തിയാക്കാൻ കഴിയും.
Published: 19 Nov 2026, 04:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented