സംഭവം സർക്കാർ ആശ്രാം സെക്കൻഡറി സ്‌കൂളിൽ

To advertise here,

മുംബൈ : മുടിമുറിക്കുന്ന സമയത്ത് കളിക്കാൻ പോയതിന് 82 വിദ്യാർഥികളുടെ തല പകുതി മൊട്ടയടിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ സെക്കൻഡറി ആശ്രാം സ്‌കൂളിലാണ് സംഭവം.

ശനിയാഴ്ച രാവിലെ കുട്ടികളുടെ മുടി മുറിക്കുന്ന സമയത്താണ് ചില കുട്ടികൾ കളിക്കാൻ പോയത്. ഇതിൽ പ്രകോപിതനായ സ്കൂൾ സൂപ്രണ്ട് പ്രശാന്ത് മെഷ്‌റാം കളിക്കാൻ പോയ കുട്ടികളുടെ തലമുടി പകുതി മുറിച്ചാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നു.

പകുതി തലമുടി വടിച്ചനിലയിൽ കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കൾ രംഗത്തെത്തി. ഇതിനു കാരണക്കാരായവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു. തുടർന്ന് സ്‌കൂൾ പ്രിൻസിപ്പൽ പ്രശാന്ത് ഗിരി സൂപ്രണ്ടിന് കാരണംകാണിക്കൽ നോട്ടീസ് നൽകി. മുടി പാതി മൊട്ടയടിച്ചതിനുപിന്നിൽ ദുരുദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു.

ആദിവാസി വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ മൊഴികൾ പ്രത്യേകം രേഖപ്പെടുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കുറിച്ച് അന്വേഷിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.