പുണെ :മാനവികതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉന്നതമായ സന്ദേശമാണ് ഓണാഘോഷത്തിലൂടെ നമുക്ക് ലഭ്യമാകുന്നതെന്ന്
പ്രമുഖ വേദാന്ത അധ്യാപികയും പുണെ മലയാളിയുമായ ഡോ. വീണാ രാജ് മഗ്ദും പറഞ്ഞു.
പുണെയിലെ മലയാളി അസോസിയേഷൻ തലേഗാവ് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഓണാഘോഷം കേവലം ഒരു ഉത്സവം മാത്രമല്ല. പരസ്പര സഹായത്തിന്റെയും കൂട്ടായ്മയുടെയും മൂല്യങ്ങളെയാണ് അത് ഉയർത്തിപ്പിടിക്കുന്നത്.
‘‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’’ എന്ന വരികൾതന്നെ ജാതി-മത-വർഗ ഭേദമന്യേ എല്ലാവരെയും ഒരേപോലെ കണ്ടിരുന്ന നമ്മുടെ ആർഷസംസ്കാരത്തെയാണ് ഓർമ്മിപ്പിക്കുന്നത്.
മുതിർന്ന പൗരരെ പൊതുവേദിയിൽ ആദരിക്കുന്ന മലയാളി സമാജങ്ങളുടെ പ്രത്യേകത നമ്മുടെ ഈ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.
നമ്മുടെ ഉന്നതിക്കുവേണ്ടി ഏറെ പ്രവർത്തിച്ചിട്ടുള്ള മുതിർന്ന തലമുറയെ ആദരിക്കുന്നത് വളരെ മഹത്തായ കാര്യമാണ്.
മലയാളികൾക്ക് പൊതുവെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഒരു ബോധവും സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും ഉണ്ട്.
പ്രായമായാലും മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയുന്നത്ര സ്വന്തം കാര്യങ്ങൾ സ്വയംചെയ്യാനും ജീവിതത്തിൽ സജീവമായി തുടരാനും അവർ ആഗ്രഹിക്കുന്നു.
പഴയ തലമുറയിലെ ആളുകൾ ഇന്നും ഇത്തരത്തിൽ സജീവമായി ജീവിക്കുകയും സമൂഹത്തിന് മാതൃകയാവുകയും ചെയ്യുന്നത് നമുക്ക് അഭിമാനകരമാണെന്നും അവർ പറഞ്ഞു.
Published: 05 Oct 2026, 12:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented