ദീപാവലിക്കിടെ മുംബൈയിൽ 300-ലേറെ തീപ്പിടിത്തം

To advertise here,

മുംബൈ : ദീപാവലി ആഘോഷത്തിനിടെ മുംബൈയിൽ 300-ലേറെ തീപ്പിടിത്തങ്ങളുണ്ടായതും ശബ്ദ-വായു മലിനീകരണം വർധിച്ചതും ആശങ്കാജനകമാണെന്ന് ബോംബെ ഹൈക്കോടതി. നഗരത്തിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, നീലാ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനങ്ങൾ ഉത്തരവാദിത്വത്തോടെയും സാമൂഹിക ബോധത്തോടെയും പെരുമാറിയില്ലെങ്കിൽ പടക്കം പരിമിതപ്പെടുത്താൻ ഉത്തരവിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നഗരത്തെ മലിനീകരണത്തിന്റെ പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള ഏകമാർഗം ഇതായിരിക്കുമെന്നും കോടതി പറഞ്ഞു.

വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നുമുള്ള മലിനീകരണത്തിനൊപ്പം പടക്കങ്ങൾ സൃഷ്ടിക്കുന്ന വിഷാംശവും നഗരജീവിതം ദുസ്സഹമാക്കുകയാണ്. നഗരത്തെ കൂടുതൽ ജീവിക്കാൻ അനുയോജ്യമായ ഇടമാക്കണം. മറ്റുള്ളവരുടെ ആരോഗ്യമാണ് പ്രധാന പരിഗണനയെന്നും ബെഞ്ച് വ്യക്തമാക്കി.

പൊതുറോഡുകളിൽ പടക്കം പൊട്ടിക്കുന്നത് വിലക്കി ഓഗസ്റ്റ് മുതൽ കോടതി ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ദീപാവലിക്കിടെയുണ്ടായ തീപ്പിടിത്തങ്ങൾ പരിശോധിക്കുമ്പോൾ ജനങ്ങൾ തങ്ങളുടെ നിലപാടിൽ മാറ്റംവരുത്താൻ തയ്യാറല്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യർക്കും സ്വത്തിനും നാശമുണ്ടാക്കുന്ന തരത്തിലാകരുത് ആഘോഷങ്ങളെന്ന് കോടതി വ്യക്തമാക്കി. ദീപാവലിക്കാലത്ത് നഗരത്തിൽ 300-ലേറെ തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള തുടർവാദവും ഉത്തരവുകളും ഡിസംബർ ഏഴിലേക്ക് മാറ്റി.