തിരുവനന്തപുരം: അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ഫോണുകളുടെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെയും ‘പൂട്ടു’കൾ തുറക്കാനുള്ള അത്യാധുനിക സൈബർ ഫൊറൻസിക് ടൂൾ സ്വന്തമാക്കാൻ കേരള പോലീസ്. നിലവിൽ ഉപയോഗിക്കുന്ന ‘സെല്ലെബ്രൈറ്റ്’ എന്ന ഇസ്രയേലി കമ്പനിയുടെ ടൂളിന്റെ പരിഷ്കരിച്ച പതിപ്പാണ് വാങ്ങാൻ ആലോചിക്കുന്നത്. ഇതിന് ഏഴ് കോടിയിലേറെ രൂപ ചെലവ് വരും. പോലീസിന്റെ ഫൊറൻസിക് സയൻസ് ലാബുകളിൽ ഉപയോഗിക്കാനാണ് ‘സെല്ലെബ്രൈറ്റ് ഇൻസൈറ്റ്‌സ് ഓൺലൈൻ അൺലിമിറ്റഡ് അൺലോക്‌സ്’ എന്ന ടൂൾ വാങ്ങുന്നത്.

To advertise here,

എത്ര ഉപകരണങ്ങൾ വേണമെങ്കിലും അൺലോക്ക് ചെയ്യാവുന്ന സോഫ്റ്റ്‌വേറാണിത്. നിലവിൽ പരിശോധനയ്ക്ക് എണ്ണത്തിന്റെ പരിധിയുണ്ട്. ഫോണുകളിലെ പാസ്‌വേഡുകൾ, പിൻ നമ്പറുകൾ, ബയോമെട്രിക് ലോക്കുകൾ എന്നിവ മറികടക്കാൻ ഇത് സഹായിക്കും. തുടർന്ന് ഫോൺ മെമ്മറിയിലുള്ള ഡിലീറ്റ് ചെയ്തതടക്കമുള്ള മുഴുവൻ വിവരങ്ങളും ആപ്പുകളിലെ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളുടെ വിവരങ്ങളും തിരിച്ചെടുക്കാനുമാവും. ഡേറ്റയിൽനിന്ന് ചിത്രങ്ങൾ, ലൊക്കേഷനുകൾ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വേർതിരിച്ചെടുക്കാനും കഴിയും.

പെഗാസസ് പോലെയുള്ള സ്‌പൈവേറല്ല സെല്ലെബ്രൈറ്റ്. ഇത് ലോകമെമ്പാടുമുള്ള പോലീസ് അന്വേഷണ എൻസികളും രഹസ്യാന്വേഷണ ഏജൻസികളും വ്യാപകമായി ഉപയോഗിക്കുന്നതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പുതിയ പാക്കേജ് വാങ്ങാൻ തീരുമാനിച്ചത്. ഇതിന് എവിടെനിന്നാണ് പണം കണ്ടെത്തുകയെന്ന് തീരുമാനിച്ചിട്ടില്ല.

ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടുന്ന ഏകദേശം 8,000 കേസുകളാണ് ഓരോ വർഷവും ഫൊറൻസിക് ലാബിൽ എത്തുന്നത്.