പിലിക്കോട് : മഴയെത്തിയാൽ റോഡിൽ നിറയെ വെള്ളം നിറയും. വേനലിൽ റോഡിൽ കുഴികൾ രൂപപ്പെടും. മടിവയൽ-ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന്റെ ദുരവസ്ഥയാണിത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. പിലിക്കോട് വയൽ, കിനാത്തിൽ, ഉദിനൂർ, കണ്ണങ്കൈ, കാലിക്കടവ്, പടുവളം, വറക്കോട്ട് വയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് തീവണ്ടിയാത്രക്കായി നിവധി പേരാണ് കാറിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുമായി ഇതുവഴി പോകുന്നത്. റോഡിന്റെ ഉയരവും വീതിയും കൂട്ടി വികസിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ചെറുവത്തൂർ മുതൽ മടിവയൽ, പിലിക്കോട് വയൽ, മാങ്കടവത്ത് കൊവ്വൽ റോഡ് വികസിപ്പിച്ചാൽ കിനാത്തിൽ ഉദിനൂർ വഴി എളുപ്പത്തിൽ തൃക്കരിപ്പൂരിലേക്കും പടന്നയിലേക്കും ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് സർവീസ് നടത്താനാകും. കെ. കുഞ്ഞിരാമൻ എം.എൽ.എ. യായിരിക്കെ ചെറുവത്തൂർ-തൃക്കരിപ്പൂർ ബൈപാസ് റോഡിന് നീക്കം നടത്തിയതാണ്. പ്രവൃത്തിക്കായി ഒരുകോടി രൂപ നീക്കിവെച്ചിരുന്നു. ചിലയിടങ്ങളിൽ റോഡിന്റെ വളവ് ഒഴിവാക്കാനും വീതികൂട്ടാനും നടത്തിയ ഇടപെടൽ അന്ന് ഫലം കണ്ടില്ല.
ഏതാനും വ്യക്തികൾ സ്ഥലം വിട്ടുനൽകാൻ തടസ്സം നിന്നതാണ് അന്ന് റോഡ് വികസനം നടക്കാതെ പോയത്. റോഡ് വികസനത്തിനായി മുന്നിട്ടിറങ്ങിയതിന്റെ പേരിൽ അന്നത്തെ ഗ്രാമപ്പഞ്ചായത്തംഗവും സെക്രട്ടറിയും കോടതികയറേണ്ടിവന്നു. റോഡ് വികസിപ്പിക്കണമെങ്കിൽ വ്യക്തിയിൽ നിന്നുമേറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഇതോടെ ചെറുവത്തൂർ- പിലിക്കോട് - ഉദിനൂർ - തൃക്കരിപ്പൂർ ബൈപ്പാസ് റോഡ് പദ്ധതി മുടങ്ങി. എം.എൽ.എ. അനുവദിച്ച ഒരുകോടി രൂപ പിന്നീട് വകമാറ്റി.
മല്ലക്കര-മടിവയൽ-ചെറുവത്തൂർ റോഡ് വികസിപ്പിച്ച് യാത്രക്കാർ നേരിടുന്ന പ്രയാസം പരിഹരിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. മടിവയൽ റോഡിന്റെ ഇരുഭാഗങ്ങളിലായി നിരവധി കുടംബങ്ങളുണ്ട്. മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇവരുടെ യാത്രയും ദുഷ്കരമാണ്.
Published: 20 Nov 2026, 04:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented