തിരുവനന്തപുരം: വീടിന്റെ അറ്റകുറ്റപ്പണി കരാർ ഏറ്റെടുത്ത കരാറുകാരൻ പറ്റിച്ചതിന്റെ പേരിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി കിട്ടി. ഉടനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പരാതിക്കാരിയെ വിളിച്ചു പറഞ്ഞു. ‘‘നാളെ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തണം’’. ഫോണിന്റെ മറുതലക്കലുണ്ടായിരുന്നത് രാജ്യത്തിന്റെ മുൻ പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി ആയിരുന്നു. പോലീസിന്റെ അറിയിപ്പ് കേട്ട് എലിസബത്ത് അമ്പരന്നു. തന്നോട് വരാൻ പറഞ്ഞതിനല്ല, ഇത്ര ചെറിയ പരാതിക്ക് ഭർത്താവ് സ്റ്റേഷനിൽ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടതിലായിരുന്നു ആ അമ്പരപ്പ്.
ജഗതിയിലെ ആന്റണിയുടെ വസതിയിൽ വീട് അറ്റകുറ്റപ്പണിക്കായി കരാറുകാരനെ ഏൽപ്പിച്ചിരുന്നു. വീടിനുള്ളിലെ ടൈൽസുകൾ, മുറ്റത്തെ ഇന്റർലോക്ക് എന്നിവ മാറ്റിയിടാനായിരുന്നു കരാർ. എന്നാൽ പാതിവഴിയിൽ ഇയാൾ ജോലി ഉപേക്ഷിച്ചുപോയി. വളരെക്കാലമായി വിളിച്ചിട്ടും ജോലികൾ പൂർത്തിയാക്കാൻ തയ്യാറാകാത്തതോടെയാണ് എലിസബത്ത് ആന്റണി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
പരാതിക്കൊപ്പം വൈഫ് ഓഫ് എ.കെ. ആന്റണി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് മ്യൂസിയം പോലീസിലെ ഉദ്യോഗസ്ഥൻ അത്ര ശ്രദ്ധിച്ചില്ല. പരാതിയിൽ നൽകിയ ഫോൺനമ്പറിൽ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ്, സ്റ്റേഷനിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർ പരാതിക്കാരി ആരാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും പോലീസുകാരൻ ഫോണിൽ വിളിച്ച് ഭർത്താവിനെയും കൂട്ടി സ്‌റ്റേഷനിലെത്താനുള്ള നിർദേശം നൽകിക്കഴിഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് നേരിട്ട് എലിസബത്ത് ആന്റണിയെ കാണാൻ മ്യൂസിയം പോലീസിനോട് നിർദേശിച്ചു. പക്ഷെ, തന്നെ കാണാൻ വരേണ്ടതിന്റെ ആവശ്യമില്ലെന്ന് എലിസബത്ത് അറിയിച്ചു. മ്യൂസിയം പോലീസ് പിന്നീട് കരാറുകാരനെ വിളിച്ചുവരുത്തി ശേഷിക്കുന്ന ജോലികൾ വേഗം തീർക്കണമെന്ന് നിർദേശം നൽകി. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും കഴിഞ്ഞ വിഷയമാണെന്നും എലിസബത്ത് ആന്റണി മാതൃഭൂമിയോട് പറഞ്ഞു. എന്നാൽ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
Content Highlights: Elizabeth Antony filed a police complaint against a contractor for abandoning house renovation work., Museum Police in Thiruvananthapuram mistakenly asked her to visit the station with her husband, AK Antony., Higher-ups intervened after the incident gained attention, and the contractor was later summoned to complete the work.
Published: 20 Nov 2026, 07:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented