മുംബൈ : വരൾച്ചാ ദുരിതാശ്വാസം, കാർഷിക വായ്പ എഴുതിത്തള്ളൽ, കൃഷിഭൂമിക്ക് പട്ടയം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന് കർഷകർ മുംബൈയിലേക്ക് ലോങ് മാർച്ച് ആരംഭിച്ചു. അഹല്യാനഗർ ജില്ലയിലെ അകോളെയിൽനിന്ന് തിങ്കളാഴ്ച ആരംഭിച്ച വാഹനറാലി ചൊവ്വാഴ്ച രാവിലെ താനെ ജില്ലയിലെ കസാറ ഘാട്ടിലെത്തി. സംസ്ഥാനത്തെ 20-ലേറെ ജില്ലകളിൽനിന്നുള്ള കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്. നാസിക് ജില്ലയിലൂടെ മുംബൈയിലേക്ക് നീങ്ങുന്ന കർഷകർ ചൊവ്വാഴ്ച രാത്രി നഗരത്തിലെ ആസാദ് മൈതാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിന് മുന്നോടിയായി അകോള നഗരത്തിൽ കാൽനട ജാഥയും സംഘടിപ്പിച്ചിരുന്നു.

To advertise here,

കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ (എ.ഐ.കെ.എസ്.) നേതൃത്വത്തിലാണ് സമരം. സംഘടനയുടെ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ, ദേശീയ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, സി.പി.എം. എം.എൽ.എ. വിനോദ് നിക്കോളെ, എ.ഐ.കെ.എസ്. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് യശ്വന്ത് ഝാഡെ എന്നിവർ കാൽനട ജാഥയ്ക്ക് നേതൃത്വം നൽകി.

സംസ്ഥാനത്തെ വരൾച്ചാ പ്രതിസന്ധി നേരിടാൻ മതിയായ നഷ്ടപരിഹാരവും ദീർഘകാല പരിഹാര നടപടികളും വേണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.

ഈ മാസമാദ്യം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച 5,000 രൂപയുടെ മുൻകൂർ സഹായധനം അപര്യാപ്തമാണെന്ന് എ.ഐ.കെ.എസ്. ദേശീയ ജോയിന്റ് സെക്രട്ടറി അശോക് നാവാലെ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമായ സാഹചര്യത്തിൽ 358 താലൂക്കുകളിൽ 305 എണ്ണത്തിലും സർക്കാർ വരൾച്ച പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിൽ 19 ശതമാനം കുറവുണ്ടായതും എൽനിനോ പ്രതിഭാസം ശക്തമാകാനുള്ള സാധ്യതയും പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്. മഴക്കുറവ് കാരണം ദുരിതമനുഭവിക്കുന്ന കർഷകർക്ക് സഹായം നൽകുന്നതിനായി ഈ താലൂക്കുകളിൽ 12 ഇന ദുരിതാശ്വാസ നടപടികൾ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

മഹാത്മാ ഫുലെ ഷേത്കരി വായ്പ എഴുതിത്തള്ളൽ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് രണ്ടുലക്ഷം രൂപവരെ വായ്പ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര സർക്കാർ ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൃത്യസമയത്ത് വായ്പ തിരിച്ചടച്ച കർഷകർക്കും ഇതിന്റെ ആനുകൂല്യം നൽകണമെന്നാണ് ലോങ് മാർച്ചിൽ പങ്കെടുക്കുന്നവരുടെ ആവശ്യം.

വനഭൂമി, ക്ഷേത്ര ട്രസ്റ്റുകളുടെ ഭൂമി, മേച്ചിൽപ്പുറങ്ങൾ എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ നൽകണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. കർഷകരുടെ ഉപജീവനവും ഭൂമിയുടെ അവകാശവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് അവരുടെ നിലപാട്. കർഷകരുടെ ആവശ്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികളിലേക്കാണ് ഇനി ശ്രദ്ധ. ആസാദ് മൈതാനത്തെത്തുന്ന കർഷകർ പ്രതിഷേധം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.