മുംബൈ : തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്ത് സ്റ്റേഷനിലെ റിലേ റൂമിലുണ്ടായ തീപ്പിടിത്തവും ഓവർഹെഡ് വയർ പൊട്ടിയതുംമൂലം മധ്യറെയിൽവേ റൂട്ടിൽ സബർബൻ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. ട്രെയിനുകൾകളിൽ വൻതിരക്ക് അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ സബർബൻ ട്രെയിനുകൾ ഒരുമണിക്കൂറിലധികം ട്രാക്കിൽ പിടിച്ചിട്ടതായി യാത്രക്കാർ പറഞ്ഞു.

To advertise here,

ഒട്ടേറെ യാത്രക്കാർ ഇറങ്ങി ട്രാക്കിലൂടെ നടന്നു. മെയിൻലൈനിലെ സബർബൻ സർവീസുകളെക്കൂടാതെ ദീർഘദൂര ട്രെയിൻ സർവീസുകളെയും ഇത് പ്രതികൂലമായി ബാധിച്ചു. മുളുണ്ടിനും താനെയ്ക്കും ഇടയിൽ ഓവർഹെഡ് വയർപൊട്ടി വീണതോടെ ഈ ഭാഗത്ത് സർവീസുകൾ തടസ്സപ്പെട്ടു.

ഒരുമണിക്കൂറോളംനീണ്ട ശ്രമത്തിനുശേഷമാണ് തകരാർ പരിഹരിച്ചത്. ഏതാണ്ട് അതേസമയം, കാഞ്ചുർമാർഗിൽ ഒരു വലിയ സിഗ്നലിങ് തകരാറുമുണ്ടായി. ഇത് മെയിൻലൈൻ സേവനങ്ങളെ കൂടുതൽ ബാധിച്ചു.

റിലേ റൂമിലുണ്ടായ തീപ്പിടിത്തമാണ് സിഗ്നലിങ് തകരാറിലേക്ക് നയിച്ചത്. ഇത് വിക്രോളിക്കും ഭാണ്ഡൂപ്പിനും ഇടയിലുള്ള ട്രെയിൻ പ്രവർത്തനങ്ങളെ ബാധിച്ചു. റെയിൽവേ അധികൃതർ ബദൽക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും സർവീസുകൾ വളരെയേറെ വൈകി.

രാവിലെ 10.50-ന് അംബർനാഥിൽനിന്ന് സി.എസ്.എം.ടി.യിലേക്ക് പോകുന്ന ലോക്കൽ ട്രെയിൻ മുളുണ്ടിനും നഹൂറിനും ഇടയിൽ ഒന്നരമണിക്കൂർ നിർത്തിയിട്ടു. രാവിലെ 11.05-ന് താനെയിൽനിന്ന് പുറപ്പെട്ട ട്രെയിൻ പിന്നീട് സ്റ്റേഷനുകൾക്കിടയിൽ കുടുങ്ങിയെന്ന് ചർച്ച്‌ഗേറ്റിലേക്ക് യാത്രചെയ്തിരുന്ന കോളേജ് വിദ്യാർഥി പറഞ്ഞു. ട്രെയിനിനുള്ളിൽ അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ യാത്രക്കാർക്ക് സംഭവത്തെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നെന്ന് വിദ്യാർഥി പറഞ്ഞു. യാത്രക്കാർ പലരും ട്രെയിനുകളിൽ നിന്നിറങ്ങി പാളങ്ങളിലൂടെ നടന്നുനീങ്ങുന്ന കാഴ്ചയായിരുന്നു പല സ്റ്റേഷനുകളിലും കണ്ടത്.