മുംബൈ : ദീപാവലിക്ക് മുന്നോടിയായി സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ സാധാരണ നിരക്കിന്റെ രണ്ടോ മൂന്നോ ഇരട്ടി തുക ഈടാക്കുന്നതായി യാത്രക്കാർ ആരോപിച്ചു. ചില റൂട്ടുകളിലെ ടിക്കറ്റുകൾക്ക് 7,000 രൂപവരെ നിരക്ക് ഉയർന്നതായി റിപ്പോർട്ടുണ്ട്. നിരക്ക് നിയന്ത്രിക്കുന്നതിൽ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്കിനും അദ്ദേഹത്തിന്റെ വകുപ്പിനും വീഴ്ച പറ്റിയെന്ന് ആരോപിച്ച് യാത്രക്കാർ സാമൂഹികമാധ്യമങ്ങളിൽ വിമർശനമുന്നയിച്ചു.
ചില റൂട്ടിൽ യാത്രാ നിരക്ക് 700 രൂപയിൽനിന്ന് 4,000 രൂപയായി ഉയർന്നതായി ഒരു യാത്രക്കാരൻ സാമൂഹികമാധ്യമത്തിൽ കുറിച്ചു. സ്വകാര്യ ബസ് ടിക്കറ്റ് നിരക്കുകളിൽ യാതൊരു നിയന്ത്രണങ്ങളുമില്ല. നിരക്കുകൾ 6,000-7,000 രൂപയിലെത്തി, വിമാന ടിക്കറ്റുകൾക്ക് തുല്യമാണിത്. പേയിങ് ഗസ്റ്റുകളായി താമസിക്കുന്നവർ ദീപാവലി ആഘോഷിക്കേണ്ടായെന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
മന്ത്രി ഉറങ്ങുകയാണോയെന്നും മറ്റൊരു യാത്രക്കാരൻ എക്‌സിൽ കുറിച്ചു.
മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളിൽ ആളുകൾ വർഷംമുഴുവൻ കഠിനാധ്വാനം ചെയ്യുന്നു. ദീപാവലി സമയത്ത് കുടുംബത്തോടൊപ്പം കുറച്ച് സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ടിക്കറ്റ് വില 700 രൂപയിൽനിന്ന് 4,000 രൂപയിലേക്ക് എത്തിയാൽ അവർക്ക് എങ്ങനെ നാടുകളിൽ എത്താൻ കഴിയുമെന്ന് അദ്ദേഹം ആരാഞ്ഞു.
പരാതികൾക്കിടെ, അമിതനിരക്ക് നിയന്ത്രിക്കുന്നതിനായി സ്വകാര്യ ബസുകൾക്കെതിേര പുണെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) പ്രത്യേക പരിശോധന ആരംഭിച്ചു. നവംബർ 20വരെ ഈ പരിശോധന തുടരും. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എം.എസ്.ആർ,ടി.സി) നിരക്കിന്റെ 1.5 ഇരട്ടിയിൽ കൂടുതൽ സ്വകാര്യ ബസുകൾക്ക് ഈടാക്കാൻ കഴിയില്ലെന്ന് ആർ.ടി.ഒ. ഉദ്യോഗസ്ഥർ പറഞ്ഞു.
ഓപ്പറേറ്റർമാർ അവരുടെ വാഹനങ്ങൾക്കുള്ളിൽ നിരക്ക് ചാർട്ടുകൾ പ്രദർശിപ്പിക്കേണ്ടതുണ്ട്. അമിതനിരക്ക് ഈടാക്കുന്ന ഓപ്പറേറ്റർമാർക്കെതിരേ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. അധികനിരക്കുകൾ സംബന്ധിച്ച പരാതികൾ ആർ.ടി.ഒ.യുടെ ഹെൽപ്പ് ലൈൻ നമ്പറായ 1800-22-0110 വഴി അറിയിക്കാമെന്നും അറിയിച്ചു.
Published: 04 Nov 2026, 11:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented