പുണെ : വരൾച്ചനേരിടാൻ മഹാരാഷ്ട്രയിലെ കർഷകർക്ക് കേന്ദ്രം എല്ലാ സഹായവും ഉറപ്പു നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സവകാലത്ത് കർഷകരെയും ഓർക്കണമെന്നും അവരുടെ കുടുംബങ്ങൾക്കും ദീപാവലിയുടെ സന്തോഷം അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

To advertise here,

മഹാരാഷ്ട്രയിലെ വരൾച്ചാ സാഹചര്യത്തെക്കുറിച്ച് തനിക്കറിയാം. സംസ്ഥാനസർക്കാർ മുൻകൂർസഹായവും നൽകിയിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് എൻ.ഡി.എ. സർക്കാർ അവരോടൊപ്പം നിൽക്കുമെന്ന് മഹാരാഷ്ട്രയിലെ ഓരോ കർഷകനും ഉറപ്പു നൽകുകയാണ്. നാമെല്ലാവരും നമ്മുടെ കർഷകർക്കൊപ്പം നിൽക്കുന്നുവെന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ പുണെ മെട്രോ ലൈൻ 3 (പിങ്ക് ലൈൻ) ഉദ്ഘാടനംചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിൽ സംസ്ഥാനസർക്കാർ സമീപവർഷങ്ങളിൽ ഗണ്യമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിലവിലെ പ്രകൃതിദുരന്തം ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പി.എം.കിസാൻപദ്ധതിയിലൂടെ നൽകുന്ന സഹായത്തെക്കുറിച്ചും മോദി പരാമർശിച്ചു. മഹാരാഷ്ട്രയുടെ 85 ശതമാനം പ്രദേശങ്ങളും വരൾച്ചാബാധിതമായി പ്രഖ്യാപിച്ച സംസ്ഥാനസർക്കാർ ദീപാവലിക്ക് മുമ്പ് 5,000 രൂപ കർഷകർക്ക് ഇടക്കാലസഹായം പ്രഖ്യാപിച്ചിരുന്നു.

പുണെ മെട്രോ പിങ്ക്‌ലൈൻ ഉദ്ഘാടനം ചെയ്തു

പുണെ : ഐ.ടി., ഓട്ടോമൊബൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, സ്റ്റാർട്ടപ്പുകൾ, ഇനവേഷൻ, ഉത്പാദനം എന്നിവയിലൂടെ പുണെനഗരം ഇപ്പോൾ വികസിത ഭാരതത്തിന്റെ ഊർജകേന്ദ്രമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

8,300 കോടി രൂപയിലധികം ചെലവിൽ നിർമിച്ച പുണെ മെട്രോ പിങ്ക്‌ലൈൻ 3-ന്റെ ഉദ്ഘാടനവും 21,800 കോടി രൂപ ചെലവുള്ള രണ്ടാം ഘട്ടത്തിലെ നാല് പുതിയ മെട്രോ ഇടനാഴികൾക്ക് തറക്കല്ലിടൽ കർമവും ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2014-നുമുൻപ്‌ 248 കിലോമീറ്റർ ദൂരത്തിൽ മാത്രം പ്രവർത്തനക്ഷമമായിരുന്ന ഇന്ത്യയുടെ മെട്രോ ശൃംഖല ഇപ്പോൾ 1,200 കിലോമീറ്റർ പിന്നിട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു.

നഗരങ്ങളിൽ താമസിക്കുന്ന മധ്യവർഗത്തിന് ജീവിതവും ഗതാഗതവും എളുപ്പമാക്കുകയെന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ അധികാരത്തിലേറിയത്. ജനങ്ങൾക്ക് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു. പത്തുവർഷം മുൻപ്‌ പുണെ മെട്രോയുടെ ആദ്യഘട്ടത്തിന് തറക്കല്ലിട്ടത് അദ്ദേഹം അനുസ്മരിച്ചു. ഹിഞ്ചവാഡി മുതൽ ശിവാജിനഗർ വരെയുള്ള ഇടനാഴിയുടെ ഉദ്ഘാടനം ഒരു പ്രധാന ഐ.ടി. ഹബ്ബിലേക്ക് മികച്ച കണക്റ്റിവിറ്റി നൽകുമെന്നും അദ്ദേഹം പറഞ്ഞു.