പ്രീമിയം വർധന പിൻവലിച്ച് പഴയ നിരക്ക് നിലനിർത്തണമെന്ന് ആവശ്യം
മുഖ്യമന്ത്രി വി.ഡി. സതീശനും നോർക്ക സി.ഇ.ഒ.യ്ക്കും ഫെഗ്മനിവേദനം നൽകി
സൂറത്ത് : പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ ആദ്യ പുതുക്കൽ വേളയിൽത്തന്നെ വലിയ വർധന വരുത്തിയതിനെതിരേ ഗുജറാത്തിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫെഗ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രീമിയം വർധന അടിയന്തരമായി പിൻവലിച്ച് പഴയ നിരക്കിൽത്തന്നെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഗുജറാത്തിലെ 33-ലധികം മലയാളി സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന ഫെഗ്മ ആവശ്യപ്പെട്ടു.
വർഷങ്ങളായി നിലനിർത്തിയിരുന്ന മറ്റ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾപോലും ഉപേക്ഷിച്ച് നോർക്ക കെയറിലേക്ക് മാറിയവരുമുണ്ട്. എന്നാൽ, പ്രീമിയത്തിൽ വൻവർധന വരുത്തിയത് പ്രവാസികൾക്ക് കടുത്ത സാമ്പത്തികബാധ്യതയും നിരാശയും സൃഷ്ടിച്ചിരിക്കയാണെന്ന് ഫെഗ്മ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഫെഗ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും നോർക്ക സി.ഇ.ഒ. രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് ജോസഫ്, നോർക്ക ഡിവലപ്മെന്റ് ഓഫീസർ അരുൺ ആർ.ബി. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഗുജറാത്തിലെ പ്രവാസി മലയാളികളുടെ ആശങ്കകളും പ്രതിഷേധവും ഫെഗ്മ നേതൃത്വം നേരിട്ട് അറിയിച്ചു.
തുടർന്ന് നോർക്ക വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന കേരള മുഖ്യമന്ത്രി വി.ഡി. സതീശനും നോർക്ക സി.ഇ.ഒ.യ്ക്കും ഫെഗ്മ പ്രസിഡന്റ് ഡോ. കെ.എം. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി സുനിൽ നമ്പ്യാർ എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.
നോർക്ക പ്രവാസി ഐ.ഡി. കാർഡിന്റെ കാലാവധി അവസാനിച്ചാലും കാർഡ് ഉടമ മുൻപ് പ്രവാസിയായിരുന്നുവെന്നതിന്റെ ഔദ്യോഗിക രേഖയായി അതിനെ അംഗീകരിക്കണമെന്നും ഫെഗ്മ ആവശ്യപ്പെട്ടു.
ബി.കെ.എസ്. നിവേദനം നൽകി
മുംബൈ : പ്രവാസികൾക്കുള്ള നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ വൻ വർധനയിൽ ബോംബെ കേരളീയസമാജം പ്രതിനിധിസംഘം കേരളസർക്കാർ ഡെപ്യൂട്ടി സെക്രട്ടറി ആർ.ബി. അരുണിനെ (എൻ.ആർ.കെ. ഡിവലപ്മെന്റ് ഓഫീസർ) സന്ദർശിച്ച് നിവേദനം നൽകി.
താരതമ്യേന സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസിസമൂഹത്തിന് ഇതുമൂലം വന്നുചേർന്ന വിഷമങ്ങളും അധിക ബാധ്യതയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും വളരെ വിശദമായി ചർച്ചനടത്തുകയും ചെയ്തു. സമാജം സെക്രട്ടറി എ.ആർ. ദേവദാസ്, മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ, യുവവിഭാഗം കൺവീനർ അൽബൻ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കേരള മുഖ്യമന്ത്രിക്കും ഗവർണർക്കും അയച്ച അപേക്ഷയുടെ പകർപ്പും നിവേദനത്തോടൊപ്പം ചേർത്തിരുന്നു.
Published: 04 Nov 2026, 12:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented