നിരാലംബർക്ക് സൗകര്യങ്ങളോടെയുള്ള താമസം ലക്ഷ്യം
മുംബൈ : മുംബൈയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും ജീവിതകാലം മുഴുവൻ കരുതലും അന്തസ്സും പ്രതീക്ഷയും പകരുന്ന സ്നേഹത്തണലൊരുക്കാൻ റിലയൻസ് ഫൗണ്ടേഷൻ. അയ്യായിരത്തിലധികം പേർക്ക് സ്നേഹവും കരുതലും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സമ്മാനിക്കുന്ന മഹത്തായ സ്വപ്നത്തിനാണ് പദ്ധതിയിടുന്നത്. കർജത്തിൽ 100 ഏക്കറിലായി ‘നിത മുകേഷ് അംബാനി അനന്ത് ആശ്രയ്’ എന്ന പേരിൽ വലിയ ടൗൺഷിപ്പ് ഒരുക്കുന്നതിനാണ് പദ്ധതി.
5,000 പേർക്ക് വസിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. ഇവർക്കുവേണ്ട സേവനങ്ങളൊരുക്കുന്നതിന് ഡോക്ടർമാരും മറ്റുമായി 15,000-ത്തോളം പേർക്ക് അവസരവും പിന്തുണയുമാകും. വീടുകൾ, എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രി, പുനരധിവാസ കേന്ദ്രം, സ്പോർട്സ് - റീക്രിയേഷണൽ സൗകര്യങ്ങൾ, വിദ്യാഭ്യാസ സൗകര്യം, നൈപുണ്യശേഷി വികസനം, മൃഗങ്ങൾക്കൊപ്പം സഹവസിക്കാനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും. ഇത്തരക്കാർക്ക് മികച്ച ആരോഗ്യ സംവിധാനങ്ങളും പരിചരണങ്ങളുമായി സുരക്ഷിതമായി ജീവിതകാലംമുഴുവൻ കഴിയാനാകുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി റിലയൻസ് ഫൗണ്ടേഷൻ ചെയർമാൻ നിത അംബാനിയുടെ നേതൃത്വത്തിൽ ഭൂമി പൂജ നടന്നു.
ലാഭേച്ഛകൂടാതെയുള്ള പദ്ധതിയാണിത്. ഘട്ടംഘട്ടമായാണ് ഇത് വികസിപ്പിക്കുക. ആവശ്യമായ അനുമതികൾ ലഭിക്കുന്ന മുറയ്ക്കാകും നിർമാണ പ്രവർത്തനങ്ങൾ നടത്തുക. ഇത് തങ്ങളുടെ കുടുംബത്തിന്റെ ഹൃദയത്തിൽനിന്ന് ഉയർന്നു വരുന്ന പദ്ധതിയാണ്. പരിചരണവും സുരക്ഷയും ആഗ്രഹിക്കുന്ന പ്രായമായവർക്കും അംഗപരിമിതർക്കും അനാഥർക്കും വീടൊരുക്കുകയാണ് ലക്ഷ്യം. പഠിക്കാനും ജോലി ചെയ്യാനും സൗഹൃദക്കൂട്ടായ്മയൊരുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും ആഘോഷിക്കാനും എല്ലാമായി പ്രകൃതി സൗഹൃദമായ ഒരിടമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും നിത അംബാനി പറഞ്ഞു.
Published: 02 Nov 2026, 11:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented