മുംബൈ/ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി സർവീസിന് ബെംഗളൂരു-മുംബൈ റൂട്ടിൽ തുടക്കം. ബെംഗളൂരു എസ്.എം.വി.ടി. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഒാഫ് നിർവഹിച്ചു. ഉദ്ഘാടനദിവസം 12.15-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട പ്രത്യേക സർവീസ് തിങ്കളാഴ്ച രാവിലെ 6.15-ഓടെ മുംബൈയിലെത്തും. ആഴ്ചയിൽ ആറ് സർവീസുകളാണ് നടത്തുന്നത്.മുംബൈയിൽനിന്നുള്ള പതിവ് സർവീസ് തിങ്കളാഴ്ചയും ബെംഗളൂരുവിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ചയിലുമാണ് തുടങ്ങുക.
ബെംഗളൂരു എസ്.എം.വി.ടി.യിൽനിന്ന് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് 7.45-ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ തീവണ്ടി(27652) അടുത്തദിവസം രാവിലെ 11.55-ന് മുംബൈ സി.എസ്.എം.ടി.യിൽ എത്തും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 8.10-ന് മുംബൈ സി.എസ്.എം.ടി.യിൽനിന്ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ തീവണ്ടി (27651) അടുത്തദിവസം പകൽ 12-ന് ബെംഗളൂരു എസ്.എം.വി.ടി.യിൽ എത്തിച്ചേരും.
ബെംഗളൂരുവിൽനിന്ന് മുംബൈവരെ തേഡ് എ.സി.യിൽ 2810 രൂപയാണ് നിരക്ക്. സെക്കൻഡ് എ.സി.യിൽ 3630 രൂപയും ഫസ്റ്റ് എ.സി.യിൽ 4450 രൂപയുമാണ് നിരക്ക്. അനന്തപുര, ഗുന്തക്കൽ, റായ്ചൂരു, യാദ്ഗിർ, കലബുറഗി സോലാപുർ, പുണെ, കല്യാൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
സാധാരണ എക്സ്പ്രസ് തീവണ്ടികളിൽ ബെംഗളൂരുവിൽനിന്ന് മുംബൈയിലെത്താൻ 22-24 മണിക്കൂർ വേണ്ടസ്ഥാനത്ത് വന്ദേഭാരത് സ്ലീപ്പറിൽ 16.10 മണിക്കൂർ മതി. മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് 15.50 മണിക്കൂറിൽ എത്തിച്ചേരും. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ഐ.ടി. കേന്ദ്രമായ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ബിസിനസുകാർ അടക്കമുള്ള യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭ കരന്തലജെ, എം.പി.മാരായ തേജസ്വി സൂര്യ, പി.സി. മോഹൻ, സി.എൻ. മഞ്ജുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Published: 01 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented