മുംബൈ : മഹാരാഷ്ട്രയിൽ ഗതാഗതനിയമങ്ങൾ കർശനമാക്കി. ഗതാഗതനിയമങ്ങൾ തുടർച്ചായി ലംഘിക്കുന്നവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യും.

To advertise here,

സംസ്ഥാന ഗതാഗത കമ്മിഷണർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇ-ട്രാഫിക് ചലാനുകൾ തീർപ്പാക്കാത്ത വാഹനങ്ങൾക്ക് ഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങളിൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. നിലവിലുള്ള മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നുള്ള സുപ്രീംകോടതി നിർദേശം പാലിച്ചാണ് സർക്കുലർ ഇറക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

 

ഈ വർഷം ജനുവരിയിൽ, മോട്ടോർ വാഹനമന്ത്രാലയം, കേന്ദ്ര മോട്ടോർ വാഹന (മൂന്നാം ഭേദഗതി) നിയമങ്ങൾ വിജ്ഞാപനം ചെയ്തിരുന്നു. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ചലാനും പിഴയും ഉൾപ്പെടെയുള്ള ഒട്ടേറെ വ്യവസ്ഥകൾ ഇത് രൂപപ്പെടുത്തി. 1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലെ ഭേദഗതി ചെയ്ത ചട്ടം 21(1)(25) പ്രകാരം, 2026 ജനുവരി ഒന്നുമുതൽ ഒരുവർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ തവണ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അതിവേഗത്തിൽ വാഹനമോടിക്കുക, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യുക എന്നിവ റോഡ്‌ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തിയായി കണക്കാക്കും.

ഒരു വ്യക്തി അത്തരം അഞ്ചിലധികം കുറ്റകൃത്യങ്ങൾ ഒരു വർഷത്തിനുള്ളിൽ ചെയ്താൽ, അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ആർ.ടി.ഒ മാർക്ക് അധികാരം ഉണ്ടായിരിക്കും. ഇങ്ങനെയുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) പുതുക്കൽ, സെക്കൻഡറി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, വിലാസത്തിൽ മാറ്റം രേഖപ്പെടുത്തൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ സംബന്ധിച്ച സേവനങ്ങളും തടസ്സപ്പെടും. കൂടാതെ, ഇ-ചലാൻ തീർപ്പാക്കാത്ത വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ (പി.യു.സി.) സർട്ടിഫിക്കറ്റ് നൽകില്ല.

വാഹനമോടിക്കുന്നവർ തങ്ങളുടെ ഡ്രൈവിങ് ലൈസൻസിനോ വാഹനത്തിനോ എതിരെ ഏതെങ്കിലും ഇ-ചലാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പതിവായി പരിശോധിക്കണം. ഒരു ചലാൻ തെറ്റാണെന്ന് തോന്നുകയാണെങ്കിൽ ട്രാഫിക് അധികൃതരിൽനിന്നു വിശദീകരണം തേടാവുന്നതാണ്.