മുംബൈ : മുംബൈ ഭീകരാക്രമണത്തെ ഭരണഘടനയ്ക്കെതിരായ ആക്രമണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വിശേഷിപ്പിച്ചു. ഇന്ത്യൻ സൈനികർക്കോ പൗരർക്കോ നേരേയുള്ള ആക്രമണങ്ങൾ അനുവദിക്കില്ലെന്നും ഉത്തരവാദികൾക്കെതിരേ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനായി ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫഡ്നവിസ്.

To advertise here,

ഭീകരർക്കെതിരേ പോരാടിയ പോലീസുദ്യോഗസ്ഥരുടെ ധീരതയെ അദ്ദേഹം അനുസ്മരിച്ചു. പലതവണ വെടിയേറ്റിട്ടും അജ്മൽ കസബിനെ പിടികൂടിയ തുക്കാറാം ഓംബ്ലെയെ മുഖ്യമന്ത്രി പ്രത്യേകം അനുസ്മരിച്ചു. കസബിന്റെ കൈവശം തോക്കുണ്ടായിരുന്നു. എന്നാൽ, ഓംബ്ലെയുടെ കൈവശം ഒരു ലാത്തിമാത്രമേ ഉണ്ടായിരുന്നുള്ളൂ.

വെടിയേറ്റിട്ടും അദ്ദേഹത്തിന് കസബിനെ പിടികൂടാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭീകരരുമായുള്ള പോരാട്ടത്തിൽ വീരമൃത്യുവരിച്ച മുതിർന്ന പോലീസുദ്യോഗസ്ഥരായ ഹേമന്ത് കർക്കറെ, അശോക് കാംതെ, വിജയ് സലാസ്‌കർ, എൻ.എസ്.ജി. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭീകരാക്രമണങ്ങൾക്ക് തിരിച്ചടി നൽകാനുള്ള ദൃഢനിശ്ചയം ഇന്ത്യ പ്രകടിപ്പിച്ചുകഴിഞ്ഞതായി ഫഡ്നവിസ് പറഞ്ഞു. ഇന്ത്യയുടെ സൈനികർക്കോ പൗരർക്കോ നേരേയുള്ള ഏതൊരു ആക്രമണവും അനുവദിക്കില്ല. ഇന്ത്യ പാകിസ്താനിൽ പ്രവേശിച്ച് അത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരേ തിരിച്ചടിക്കുമെന്ന് 2016-ലെ ഉറി, പഹൽഗാം ആക്രമണങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണം: രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ

മുംബൈ : 18 വർഷം മുൻപ് മുംബൈ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തവർക്ക് നഗരം പ്രണാമമർപ്പിച്ചു. മഹാരാഷ്ട്ര ഗവർണർ ജിഷ്ണുദേവ് വർമയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും സിറ്റി പോലീസ് ആസ്ഥാനത്ത സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഉപമുഖ്യമന്ത്രി സുനേത്രപവാർ, ഡി.ജി.പി. സദാനന്ദ് ദത്തെ, മുംബൈ പോലീസ് കമ്മിഷണർ ദേവൻ ഭാരതി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ജീവൻബലിയർപ്പിച്ച പോലീസുകാരുടെ കുടുംബാംഗങ്ങളെ ഗവർണറും മുഖ്യമന്ത്രിയും കണ്ടു. മുംബൈയെ പ്രതിരോധിച്ചുകൊണ്ട് ജീവൻ ബലിയർപ്പിച്ച ധീരരായ വീരന്മാർക്കും ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ സാധാരണക്കാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ഫഡ്‌നവിസ് ‘എക്സി’ലെ പോസ്റ്റിൽ പറഞ്ഞു.

2008 നവംബർ 26-ന് പാകിസ്താനിൽനിന്ന് മുംബൈയിലേക്ക് കടൽമാർഗം കടന്നുകയറിയ 10 ആയുധധാരികളായ ലഷ്‌കറെ തൊയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഭീകരാക്രമണങ്ങളിൽ ഒന്നായിമാറി.