മുംബൈ : മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട വന്യജീവി കടത്ത് ശൃംഖലകൾക്കെതിരേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) നടത്തിയ രണ്ട് വ്യത്യസ്ത നടപടികളിൽ രാജവെമ്പാലയുടെ വിഷം, കടുവയടക്കം വന്യമൃഗങ്ങളുടെ തോലുകൾ, വേട്ടയ്ക്കുപയോഗിച്ച ആയുധം എന്നിവ പിടിച്ചെടുത്തു. ആറുപേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വസ്തുക്കളടക്കം പ്രതികളെ തുടർനടപടികൾക്കായി മഹാരാഷ്ട്ര വനംവകുപ്പിന് കൈമാറി.
അനധികൃതമായി പാമ്പിൻവിഷം വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നവംബർ 25-ന് പുണെയുടെ പ്രാന്തപ്രദേശങ്ങളിൽ ഡി.ആർ.ഐ. നിരീക്ഷണം ശക്തമാക്കി.
കാർത്തിക പൂർണിമയോടനുബന്ധിച്ച മതപരമായ ചടങ്ങുകൾ നടക്കുന്ന പ്രദേശത്ത് ഇടനിലക്കാരനെയും വാങ്ങാൻ താത്പര്യമുള്ളയാളെയും കാണാനെത്തുന്ന വ്യാപാരിയെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തുടർന്നുള്ള പരിശോധനയിൽ ഏകദേശം രണ്ട് ലിറ്റർ രാജവെമ്പാലയുടെ വിഷമെന്ന് സംശയിക്കുന്ന ദ്രാവകം രണ്ട് കുപ്പികളിലായി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടി. പ്രതികളെ പിടികൂടുന്നതിനിടെ ഡി.ആർ.ഐ. ഉദ്യോഗസ്ഥന് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത വിഷവും പ്രതികളേയും തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി വനംവകുപ്പിന് കൈമാറി.
നവംബർ 26-ന് നവി മുംബൈയിൽ വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങളും തോലുകളും സാമൂഹികമാധ്യമങ്ങളിലൂടെ വിൽക്കാനുള്ള ശ്രമം നടക്കുെന്നന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ. പൻവേൽ മേഖലയിൽ ഒരാളിൽനിന്ന് കടുവയുടെയും പുലിയുടെയുമെന്ന് സംശയിക്കുന്ന രണ്ട് തോലുകൾ കണ്ടെത്തി. നവി മുംബൈയിലെ താമസസമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ത്രീകളിൽനിന്ന് ചീറ്റയുടേതെന്ന് സംശയിക്കുന്ന മറ്റൊരു തോലും വേട്ടയുമായി ബന്ധപ്പെട്ട ഉപകരണവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത വസ്തുക്കളുമായി മൂന്നുപേരേയും വനംവകുപ്പിന് കൈമാറി. തോലുകളിൽ ഒന്നിൽ വെടിയേറ്റതിന്റെ സൂചനയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.
Published: 29 Nov 2026, 12:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented