കൂത്താട്ടുകുളം: എം.സി. റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ തടി കയറ്റിയെത്തിയ ലോറിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം വെള്ളനാട് സ്വദേശികളായ ആരോമൽ (32), അഭിജിത്ത് (19) എന്നിവർക്ക് പരിക്കേറ്റു. തടി ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ സഹായി അഭിജിത്തിനെ കൂത്താട്ടുകുളം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴേകാലോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് പെരുമ്പാവൂർക്ക് തടിയുമായി പോവുകയായിരുന്നു ലോറി. റോഡരികിലെ റബ്ബർ കടയിൽനിന്ന് റബ്ബർ ചാക്കുകൾ കയറ്റിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. റബ്ബർ ചാക്കുകൾ കയറ്റിക്കൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് പാലക്കുഴ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

To advertise here,