ആവണിപ്പൂവരങ്ങിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ അവതരിപ്പിച്ച തെയ്യവും കഥകളിയും
ചെന്നൈ : തമിഴ്‌നാട്ടിലെ മലയാളി സമൂഹത്തിലേക്ക് ഓണത്തിന്റെ ലഹരിപടർത്തി സി.ടി.എം.എ. ‘ആവണിപ്പൂവരങ്ങി’ന്റെ ഒരു അധ്യായത്തിനു കൂടി തിരശീല വീണു. ചെണ്ടമേളവും വാദ്യഘോഷവും, കെട്ടുകാഴ്ചയും പുലിക്കളിയും ഓണസദ്യയും സംഗീതനിശയുമൊക്കെയായി രണ്ടുദിവസം മലയാളികളെ ആവേശത്തിമിർപ്പിലാക്കി ഞായറാഴ്ച രാത്രി വൈകിയാണ് ആഘോഷപരിപാടികൾ സമാപിച്ചത്.
ചെന്നൈയിലെ മലയാളി സമൂഹത്തിന് ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിച്ച ആവണിപ്പൂവരങ്ങ്, തമിഴ് സഹോദരങ്ങൾക്കും ഇതര ദേശക്കാർക്കും വേറിട്ട കൗതുകക്കാഴ്ചയായി. തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സാംസ്‌ക്കാരിക ഉത്സവം എന്ന നിലയിൽക്കൂടിയാണ് ‘ആവണിപ്പൂവരങ്ങ്’ വർഷവും അരങ്ങേറുന്നത്.
ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആയിരക്കണക്കിനു മലയാളികൾ കുടുംബസമേതം ഇത്തവണയും ആവണിപ്പൂവരങ്ങ് വേദിയിലേക്ക് ഒഴുകിയെത്തി. കൂടാതെ കോയമ്പത്തൂർ, പൊള്ളാച്ചി, ഈറോഡ് ഉൾപ്പെടെയുള്ള മേഖലകളിലെ മലയാളി സംഘടനാ പ്രവർത്തകരും സജീവമായി പങ്കെടുത്തു.
ഞായറാഴ്ച വൈകീട്ട് സമാപനസമ്മേളനം മന്ത്രി കെ.ജി. അരുൺ രാജ് നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. സി.ടി.എം.എ. പ്രസിഡന്റ് വി.സി. പ്രവീൺ അധ്യക്ഷത വഹിച്ചു. ഫുട്‌ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ വിശിഷ്ടാതിഥിയായിരുന്നു.
ഗോകുലം ഗോപാലൻ, എ.വി. അനൂപ്, എം.കെ. സോമൻ മാത്യു, കെ.വി.വി. മോഹനൻ, ശ്യാമളാ ജയപ്രകാശ്, രവി മുരുഗയ്യ, ടി.വി. വിജയകുമാർ, എം. ശിവദാസൻ പിള്ള, എം.പി. അൻവർ, ആർ. രാധാകൃഷ്ണൻ, സോമൻ കൈതക്കാട് തുടങ്ങി സി.ടി.എം.എ. ഭാരവാഹികളും ഒട്ടേറെ അതിഥികളും പങ്കെടുത്തു.
ഡോ. വി.പി. സിദ്ധൻ സ്മാരക നാടകപുരസ്കാരം കെ.പി.എ. ലത്തീഫിനും കെ.വി. നായർ സ്മാരക സാമൂഹിക സേവന പുരസ്കാരം ടി. അനന്തനും ടി. ഗോപാലൻ നായർ മാനവസേവാപുരസ്കാരം കെ.പി. സുരേഷ് ബാബുവിനും മേലൂർ ദാമോദരൻ സ്മാരക കവിതാപുരസ്‌കാരം ആർ. ശ്രീഹരിക്കും ബാലകൃഷ്ണൻ മാങ്ങാട് കഥാപുരസ്‌കാരം പ്രിയാ സജിത്തിനും സമ്മാനിച്ചു. സമ്മേളനത്തിനുശേഷം പിന്നണി ഗായകരായ വിധു പ്രതാപ് - ജ്യോത്സ്ന എന്നിവരും സംഘവും അവതരിപ്പിച്ച സംഗീതനിശയും പ്രശസ്ത നർത്തകി സാരംഗി ശ്യാമും സംഘവും അവതരിപ്പിച്ച നൃത്തവും അരങ്ങേറി.
Published: 14 Sept 2026, 02:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented