ചെന്നൈ : തമിഴ്‌നാട്ടിലെ മലയാളി സമൂഹത്തിന്റെ സ്വന്തം ഓണാഘോഷമെന്നു വിശേഷിപ്പിക്കുന്ന 'ആവണിപ്പൂവരങ്ങി'ന് ഉജ്ജ്വല തുടക്കം. കോൺഫെഡറേഷൻ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷൻ (സി.ടി.എം.എ.) സംഘടിപ്പിക്കുന്ന രണ്ടു ദിവസം നീളുന്ന ഉത്സവം ശനിയാഴ്ച രാവിലെ മദിരാശി കേരള സമാജത്തിൽ പൂക്കള മത്സരത്തോടെയാണ് ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം മുഖ്യവേദിയായ ഐലൻഡ് ഗ്രൗണ്ടിലേക്കു മാറി. സി.ടി.എം.എ. പ്രസിഡന്റ് ഓഫ് ഓണർ എം.പി. പുരുഷോത്തമൻ, ചെയർമാൻ ഗോകുലം ഗോപാലൻ, പ്രസിഡന്റ് വി.സി. പ്രവീൺ തുടങ്ങിയവർ ചേർന്ന് പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. ജനറൽ സെക്രട്ടറി എം.പി. അൻവർ, ട്രഷറർ ആർ. രാധാകൃഷ്ണൻ, പ്രോജക്ട് ചെയർമാൻ സോമൻ കൈതക്കാട്, മറ്റു ഭാവാഹികളായ എൻ. മുരളീധരൻനമ്പ്യാർ, പി. നന്ദകുമാർ, സി.കെ. വാസുക്കുട്ടൻ, കെ.എസ്. ഗോപാൽ, ടി.വി. വിജയകുമാർ, ടി. അനന്തൻ, അഡ്വ. എം.കെ. ഗോവിന്ദൻ, എ.എം. ബിജു തുടങ്ങിയവർ പെങ്കടുത്തു. തുടർന്ന് സ്ത്രീകളും പുരുഷൻമാരും പ്രത്യേകം അണിനിരന്ന വടംവലി മത്‌സരം നടന്നു. ഇതിൽ വനിത, പുരുഷ വിഭാഗങ്ങളിൽ ആവഡി എച്ച്.വി.എഫ്. മലയാളി സമാജം ഒന്നാംസമ്മാനം നേടി.

To advertise here,

തുടർന്ന് വില്ലിവാക്കം മലയാളി സമാജത്തിന്റെ സഹകരണത്തോടെ ശ്രീ ശാസ്താ വാദ്യകലാസംഘത്തിന്റെ ചെണ്ടമേളവും അരങ്ങേറി. കൊരട്ടൂർ ഓർക്കിഡ് സ്പ്രിങ് ഫ്ളാറ്റ് സമുച്ചയത്തിലെ 70 അംഗങ്ങൾ അവതരിപ്പിച്ച മെഗാ തിരുവാതിര ഏറെ ശ്രദ്ധയാകർഷിച്ചു. തുടർന്നു നടന്ന അംഗസംഘടനകളുടെ മികവുകൾ മാറ്റുരയ്ക്കാനായി കോർത്തിണക്കിയ 'പ്രവാസീയം' കലാപരിപാടികൾ നടന്നു. ഇതോടൊപ്പം നടത്തിയ ഹ്രസ്വയോഗത്തിൽ എം.എ. എബ്രാഹാം, ഭാരതിരാജാ സ്മാരക വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെയും ആദരിച്ചു. പൂക്കളം, വടംവലി എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. പ്രവാസീയത്തിനു ശേഷം ടോപ്പ് സിങേഴ്‌സ് ഗായകരുടെ സംഗീതനിശയും നൃത്തവും അരങ്ങേറി.