കൊട്ടിയം : നെടുമ്പന പഞ്ചായത്തിലെ നല്ലിലയിൽ പൊതുചന്തയും കച്ചവടസമുച്ചയവും നിർമിക്കുന്നതിന് 12 വർഷംമുൻപ് കേന്ദ്രസർക്കാർ രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇത്രയും കാലമായിട്ടും പണി തുടങ്ങാത്തതിനാൽ രണ്ടരക്കോടിയും നഷ്ടമായി.

To advertise here,

രാഷ്ട്രീയലാഭങ്ങൾ മുന്നിൽക്കണ്ട് നിലവിലുണ്ടായിരുന്ന കെട്ടിടങ്ങളും പൊളിച്ചതോടെ ഉള്ളതും ഇല്ലാതായി. 18 മുറി കടകൾ പ്രവർത്തിച്ചിരുന്നത് പൊളിച്ചുമാറ്റിയതോടെ പഞ്ചായത്തിന് വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളും നഷ്ടമായി. മത്സ്യവിൽപ്പന നടത്തിയിരുന്ന ഷെഡ്ഡുകളും നീക്കംചെയ്തതോടെ മത്സ്യക്കച്ചവടവും പൊതുനിരത്തിലായി. നല്ലില ജങ്ഷന് ഐശ്വര്യമാകേണ്ട സ്ഥലം നിലവിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക്‌ ചെയ്യാനുള്ള ഇടമാണ്‌. പഴയ കച്ചവടസമുച്ചയത്തിന്റെ ഒരുഭാഗംമാത്രമാണ് നിലവിലുള്ളത്. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലമാകട്ടേ, കാടുകയറി. ഓണച്ചന്തയ്ക്കുവേണ്ടി ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി കാട്‌ വെട്ടിമാറ്റിയതു മാത്രമാണ് നാട്ടുകാർക്ക് ആശ്വാസം.

 

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് അന്നത്തെ ഭരണക്കാർ കെട്ടിടം പൊളിച്ചത്. പുതിയ കെട്ടിടത്തിനുള്ള നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുകയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ അന്ന് നെടുമ്പന പഞ്ചായത്തിൽ ഭരണത്തിലുണ്ടായിരുന്ന എൽ.ഡി.എഫ്. ഭരണസമിതിക്ക് കെട്ടിടനിർമാണത്തിന്‌ നീക്കം നടത്താനായില്ല. മന്ത്രി സ്ഥാപിച്ച ശിലാഫലകവും പിന്നീട്‌ നീക്കംചെയ്തു. പഞ്ചായത്ത് ഭരണസമിതി കച്ചവടസമുച്ചയം നിർമിക്കാൻ നടപടികളൊന്നും സ്വീകരിക്കാതായതോടെ നബാർഡ് അനുവദിച്ച പണവും നഷ്ടമായി.

പി.സി.വിഷ്ണുനാഥ് എം.എൽ.എ.യായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മന്ത്രിയുമാകുകയും നെടുമ്പന പഞ്ചായത്തിലെ എൽ.ഡി.എഫ്.ഭരണം മാറി യു.ഡി.എഫ്‌. ഭരണം വരികയും ചെയ്തതോടെ കെട്ടിടനിർമാണത്തിന് പുതിയ പദ്ധതികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നല്ലിലക്കാർ. കെട്ടിടനിർമാണത്തിന് എം.എൽ.എ.ഫണ്ടിൽനിന്നോ മറ്റ് ഏജൻസികളിൽനിന്നോ പണം ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണന്ന് പഞ്ചായത്ത്‌ അംഗം ജേക്കബ് മാത്യു പറഞ്ഞു.