ചാരുംമൂട് : കല്ലട ജലസേചന കനാൽ (കെ.ഐ.പി.) പൂർണമായി വൃത്തിയാക്കിയിട്ട് അഞ്ചു വർഷത്തിലേറെ. കാടുപിടിച്ച കനാലിൽ മാംസാവശിഷ്ടമടക്കമുള്ള മാലിന്യം നിറഞ്ഞു. പാഴ്‌മരങ്ങളും ചെടികളും തഴച്ചുവളർന്ന് കനാലിനുൾവശം വനമേഖല പോലെയായി. കനാൽ ഇഴജന്തുക്കളുടെ താവളവുമാണ്. ഇക്കുറിയും കനാൽ വൃത്തിയാക്കുന്നതിനുള്ള നടപടി കെ.ഐ.പി. അധികൃതർ സ്വീകരിച്ചിട്ടില്ല.

To advertise here,

 

വനമില്ലാത്ത ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അതിർത്തിയായ പാലമേൽ, നൂറനാട്, ചുനക്കര, താമരക്കുളം പഞ്ചായത്തു പ്രദേശങ്ങൾ കാട്ടുപന്നിയടക്കമുള്ളവയുടെ ആവാസകേന്ദ്രമായി മാറി. വനമേഖലയിൽ മാത്രം കഴിഞ്ഞിരുന്ന കാട്ടുമൃഗങ്ങൾ കാടുമൂടിയ കനാൽവഴിയാണ് നാട്ടിലെത്തിയത്. കാട്ടുപന്നി, കാട്ടുകോഴി, മുള്ളൻപന്നി, മരപ്പട്ടി, കീരി തുടങ്ങിയവയാണ് ജനവാസമേഖലകളിലേക്കു വന്നിട്ടുള്ളത്. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് കാട്ടുപന്നികൾ കർഷകർക്കു വരുത്തുന്നത്.

ആദിക്കാട്ടുകുളങ്ങര മേട്ടുംപുറത്തുനിന്നു തുടങ്ങി പാലമേൽ, നൂറനാട്, പടനിലം, ചാരുംമൂട്, ചുനക്കര, തെക്കേക്കര, കുറത്തികാട്, താമരക്കുളം, വള്ളികുന്നം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാലിന് 33 കിലോമീറ്ററാണ് നീളം. കൊല്ലം ജില്ലയിലെ പാവുമ്പ വഴി കരുനാഗപ്പള്ളിയിൽ കനാൽ അവസാനിക്കുന്നു. കെ.ഐ.പി. ചാരുംമൂട് ഓഫീസിന്റെ പരിധിയിൽ എട്ടു കിലോമീറ്റർ പ്രധാന കനാലും 25 കിലോമീറ്റർ ഉപകനാലുകളുമാണുള്ളത്.

മഴക്കാലം മാറി കൊടുംവേനൽ ആരംഭിക്കുന്നതോടുകൂടി കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാണ് കെ.ഐ.പി. കനാലിൽ എത്തുന്ന വെള്ളം. എല്ലാവർഷവും ജനുവരി ആദ്യവാരം കനാൽ തുറന്നുവിടും. അതിനു മുൻപായി നവംബർ, ഡിസംബർ മാസങ്ങളിൽ കനാൽ വൃത്തിയാക്കൽ നടന്നിരുന്നു. എന്നാൽ, അഞ്ചുവർഷമായി മാലിന്യം നിറഞ്ഞ കനാലിൽക്കൂടിയാണ് വെള്ളം ഒഴുകിയെത്തുന്നത്.

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുൻപ്‌ കനാൽ വൃത്തിയാക്കിയിരുന്നത്. കനാൽ വൃത്തിയാക്കുന്ന ജോലി തൊഴിലുറപ്പു പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ നീക്കിയതോടെയാണ് ഇപ്പോഴുള്ള പ്രതിസന്ധിയുണ്ടായത്. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിടുമ്പോൾ പലഭാഗത്തും ഒഴുക്കു തടസ്സപ്പെടും. പാഴ്‌മരങ്ങളിലും ചെടികളിലും മാലിന്യം തങ്ങിനിൽക്കും. ഇതു ജനങ്ങളുടെ ആരോഗ്യപ്രശ്നത്തിനു കാരണമാകും. കനാൽ തുറന്നുവിടുമ്പോൾ പലസ്ഥലങ്ങളിലും വെള്ളം കവിഞ്ഞൊഴുകാറുണ്ട്. മാലിന്യംനിറഞ്ഞ വെള്ളം സമീപപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ഊറിയിറങ്ങും. മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ ഉണ്ടാകാൻ ഇതു കാരണമാകാറുണ്ട്.