കരുനാഗപ്പള്ളി : പള്ളിക്കലാറും കന്നേറ്റിക്കായലും വട്ടക്കായലും ടി.എസ്.കനാലും അതിരിടുന്ന കരുനാഗപ്പള്ളിയുടെ വിനോദസഞ്ചാരസാധ്യതകൾ ഉപയോഗപ്പെടുത്താൻ നടപടിയില്ല.
പത്തനംതിട്ട ജില്ലയിലെ കൊടുമൺ കുന്നുകളിൽനിന്ന് ആരംഭിക്കുന്ന പള്ളിക്കലാർ വട്ടക്കായലുമായി ചേരുന്നത് കരുനാഗപ്പള്ളിയിലാണ്. ചന്തക്കായൽ തുടങ്ങുന്നതുമുതൽ ഏറെ വിസ്തൃതിയിലാണ് ഇവിടെ പള്ളിക്കലാർ പരന്നൊഴുകുന്നത്. അവിടെനിന്ന് കന്നേറ്റിയും കടന്ന് പള്ളിക്കലാർ വട്ടക്കായലുമായി ചേരുന്നു. ശേഷം വട്ടക്കായൽ ടി.എസ്.കനാലിൽ ചേരുന്നു.
ടൂറിസം സാധ്യതകൾ ഏറെയുള്ള ഇവിടങ്ങളിൽ അതിനായുള്ള പല പദ്ധതികളും ആലോചിച്ചിരുന്നെങ്കിലും ഒന്നും കാര്യമായി മുന്നോട്ടുപോയില്ല. ആരാധനാലയങ്ങളും ആലുംകടവ് ഗ്രീൻചാനൽ റിസോർട്ടും മാതാ അമൃതാനന്ദമയി മഠവുമെല്ലാം ടി.എസ്.കനാലിന്റെ തീരത്താണ്. ടി.എസ്.കനാലിലൂടെ അഴീക്കൽ ബീച്ചിലേക്കും അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിലേക്കും പോകാനാകും. ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്ന വലിയഴീക്കൽ ആർച്ച് പാലവും അഴീക്കൽ ബീച്ചിനു സമീപത്താണ്.
പള്ളിക്കലാറിനെയും വട്ടക്കായലിനെയും ടി.എസ്.കനാലിനെയും ബന്ധിപ്പിച്ച് ടൂറിസം ബോട്ട് സർവീസുകൾ തുടങ്ങണമെന്നാണ് പ്രധാന ആവശ്യം. വർഷങ്ങൾക്കുമുൻപ് കന്നേറ്റിയിൽനിന്ന് ഡി.ടി.പി.സി.യുടെയടക്കം ബോട്ട് സർവീസുകൾ ഉണ്ടായിരുന്നപ്പോൾ ഒട്ടേറെപ്പേരാണ് ബോട്ടുയാത്രയ്ക്കായി എത്തിയിരുന്നത്. എന്നാൽ, വിവിധയിനം പായലുകൾ പള്ളിക്കലാറിൽ പടർന്നതോടെ സർവീസുകൾ നിലയ്ക്കുകയായിരുന്നു.
പായലിലൂടെയുള്ള ബോട്ടുയാത്ര അപകടസാധ്യതയുള്ളതാണ്. ചന്തക്കായൽമുതൽ കന്നേറ്റിവരെ പള്ളിക്കലാറിന്റെ തീരത്തുകൂടി റിങ് റോഡും പാർക്കും നിർമിക്കണമെന്ന ആവശ്യവും നടപ്പായില്ല.
Published: 14 Sept 2026, 02:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented