ചെന്നൈ : ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചെന്നൈയിലും മറ്റു ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സെപ്റ്റംബറിൽ മാത്രം ചെന്നൈ നഗരത്തിൽ 1,219 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിതി നിയന്ത്രണാധീനമാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

To advertise here,

പതിവില്ലാത്ത കനത്തചൂട് സെപ്റ്റംബർ മാസം മുഴുവൻ തുടർന്നതോടെയാണ് സംസ്ഥാനത്ത് പകർച്ചവ്യാധികളും വ്യാപിച്ചത്. ഈ വർഷം ജനുവരിക്കും സെപ്റ്റംബറിനുമിടയിൽ സംസ്ഥാനത്ത് 17,651 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഒൻപതുപേർ മരിച്ചു. ചെന്നൈ, കോയമ്പത്തൂർ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം ജില്ലകളിലാണ് രോഗബാധ കൂടുതൽ. ചെന്നൈയിൽ ഈ വർഷം ഇതുവരെ 3,759 പേർക്കാണ് ഡെങ്കിപ്പനി പിടിപെട്ടത്. മുൻവർഷം 3,366 പേർക്ക് ഡെങ്കി ബാധിച്ച സ്ഥാനത്താണിത്. സെപ്റ്റംബർ മാസത്തിൽമാത്രം നഗരത്തിൽ 1,219 പേർക്ക് രോഗബാധയുണ്ടായതായി ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജി.എസ്. സമീരൻ അറിയിച്ചു. ബുധനാഴ്ച മാത്രം 74 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ മറ്റെല്ലാ വർഷത്തെയും അപേക്ഷിച്ച് ഇത്തവണ രോഗബാധ കൂടുതലാണെന്ന പ്രചാരണം ശരിയല്ലെന്ന് കമ്മിഷണർ പറഞ്ഞു.

2024-ൽ ഇതിലേറെപ്പേർക്ക് രോഗംവന്നിരുന്നു. 2017-ലാണ് ഏറ്റവും കൂടുതലാളുകൾക്ക് ഡെങ്കി ബാധിച്ചത്. രോഗബാധ നിയന്ത്രണവിധേയമാണ്. കൊതുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് പൊതുജനങ്ങളും ഇതിനോട് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കടുത്ത ശരീരവേദനയോടുകൂടിയ പനിയാണ് ഡെങ്കിപ്പനിയുടെ പ്രധാനലക്ഷണം. തലവേദനയും ക്ഷീണവുമുണ്ടാകും. ഡെങ്കി പരത്തുന്ന കൊതുകുകൾ പകലാണ് പുറത്തിറങ്ങുന്നത്.

കൊതുകുകടി കൊള്ളാതെ നോക്കുകയാണ് പ്രധാന പ്രതിരോധ മാർഗം.

ഒക്ടോബർ മാസമായിട്ടും ചെന്നൈയിലും പരിസരങ്ങളിലും കൊടും ചൂട് തുടരുകയാണ്. മിക്കയിടത്തും പതിവിലും രണ്ടു ഡിഗ്രി മുതൽ അഞ്ചു ഡിഗ്രിവരെ കൂടുതലാണ് താപനില. ശക്തമായിക്കൊണ്ടിരിക്കുന്ന എൽനിനോ പ്രഭാവവും കടുത്ത ഉഷ്ണതരംഗവുമാണ് രാജ്യത്തിൻെ മിക്കഭാഗത്തും താപനില ഉയരാൻ കാരണം. വടക്കു കിഴക്കൻ കാലവർഷം ഉദ്ദേശിച്ച രീതിയിൽ ലഭിച്ചില്ലെങ്കിൽ തമിഴ്‌നാട് ജലക്ഷാമത്തിലേക്ക് നീങ്ങിയേക്കും.