ഭൂമി ലഭ്യമാക്കാൻ നിയമനിർമാണം നടത്തും

To advertise here,

കൊച്ചി : പട്ടികവിഭാഗങ്ങളെ ലൈഫ് പദ്ധതിയിൽ നിന്നൊഴിവാക്കുമെന്നും അവർക്കായി സ്വന്തം ഭവനപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അവർക്ക് ഭൂമി ലഭ്യമാക്കാനുള്ള പദ്ധതിയും നടപ്പാക്കും. പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ‌മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയിൽ വീടുകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഇവർക്കായി പ്രത്യേക ഭവനപദ്ധതിക്ക് സർക്കാർ രൂപം നൽകുന്നത്. അർഹരായ എല്ലാ ഭവനരഹിതർക്കും തുക വർധിപ്പിച്ചു നൽകി വീട് ഉറപ്പാക്കും. ഭൂരഹിതരായ മുഴുവൻ പട്ടികവിഭാഗക്കാർക്കും ഭൂമി ലഭ്യമാക്കുന്നതിനായി വരുന്ന നിയമസഭാ സമ്മേളനത്തിൽ ആവശ്യമായ നിയമനിർമാണവും നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥികളുടെ ഇ-ഗ്രാന്റും സ്‌കോളർഷിപ്പുകളും ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൊഫഷണൽ കോഴ്‌സുകളിലടക്കം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാകില്ല.

വയനാട് കേന്ദ്രമാക്കി ലോകത്തിലെ തന്നെ ആദ്യത്തെ 'ട്രൈബൽ യൂണിവേഴ്‌സിറ്റി' യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ വിവിധ ക്ഷേമ പദ്ധതികളുടെ വിതരണവും ആദരിക്കലും നടന്നു. പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതി പ്രകാരം ജോലി ലഭിച്ച ഉദ്യോഗാർഥികൾക്ക് ഹൈബി ഈഡൻ എം.പി. ഓഫർ ലെറ്ററുകൾ വിതരണം ചെയ്തു. കെ.എസ്.ബി.സി.ഡി.യുടെ സി.ഡി.എസ്. മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒ.ബി.സി. വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം എന്നിവയും നടന്നു.

മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.