മല്ലപ്പള്ളി : സംസ്ഥാനത്തെ ഭൂ-ഭവനരഹിതർക്കുവേണ്ടിയുള്ള പദ്ധതിയായ ലൈഫ് മിഷന് ഫ്ളാറ്റുകൾ നിർമിക്കുന്നതിന് മല്ലപ്പള്ളിയിൽ പഞ്ചായത്തിൽ വസ്തു വാങ്ങിയിട്ട് ആറുവർഷം. കല്ലൂപ്പാറ, മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകളുടെ അതിർത്തിയിൽ നെല്ലിമൂട് മുക്കൂർ റോഡിൽ തരുണാമുറിയിൽ പുരയിടത്തിലെ ഒന്നേകാൽ ഏക്കർ ഭൂമിയാണ് മല്ലപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ 2020 ഒക്ടോബറിൽ വാങ്ങിയത്. നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾചേർന്ന് 63 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വസ്തു സ്വന്തമാക്കിയത്.
61 കുടുംബങ്ങൾക്ക് ഇടം
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെയും ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെയും ജനപ്രതിനിധികളെയും സെക്രട്ടറിമാരെയും ഉൾപ്പെടുത്തി സംയുക്ത സമിതി രൂപവത്‌കരിച്ച് മാസങ്ങളോളം നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ് ഭൂമി കണ്ടെത്തി ആധാരംചെയ്തത്. മൂന്ന് പഞ്ചായത്ത് പരിധികളിൽ അധിവസിക്കുന്ന 61 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ഭവനങ്ങൾ സ്വന്തമാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
വസ്തുവിന്റെ ഉടമസ്ഥത മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിന് ആണെങ്കിലും വിനിയോഗം സംബന്ധിച്ച് പഞ്ചായത്തുകൾ തമ്മിലുള്ള ധാരണാപത്രം തയ്യാറാക്കി പദ്ധതി നടപ്പാക്കാനായിരുന്നു നീക്കം. ഇവിടെ ഫ്ളാറ്റ് നിർമിക്കുന്നതിന് ജില്ലാ പഞ്ചായത്തിനോട് മൂന്നുകോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുവദിക്കുന്ന മുറയ്‌ക്ക് ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അന്ന് പറഞ്ഞിരുന്നു.
ഫ്ലാറ്റ് വേണ്ടാ
എന്നാൽ, ഫ്ലാറ്റുകളിൽ താമസിക്കാൻ ആളുകൾക്ക് താത്‌പര്യമില്ലെന്നാണ് പിന്നീട് കണ്ടെത്തിയത്. കാന്താരി കുഴിച്ചുവെയ്ക്കാൻപോലും സ്ഥലം കിട്ടില്ലെന്നാണ് പരാതി. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വസ്തുവാങ്ങാൻ മൂന്നുലക്ഷം രൂപയും വീടിന് നാല് ലക്ഷംരൂപയുമാണ് ലൈഫ് പദ്ധതിയിൽ പരമാവധി അനുവദിക്കാവുന്നത്. ഇത്തരത്തിൽ ഒരുകുടുംബത്തിന് കൂരയുണ്ടാക്കാൻ ഏഴുലക്ഷം രൂപ മതിയാകും. എന്നാൽ, ഫ്ലാറ്റുകൾ നിർമിച്ച് പുനരധിവസിപ്പിക്കാൻ കെട്ടിടനിർമാണത്തിന് തന്നെ ഒരു കുടുംബത്തിന് ശരാശരി 20 ലക്ഷത്തിലധികം ചെലവുവരുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫ്ലാറ്റ് നിർമാണ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
സ്ഥലം നൽകാം
അനാഥമായി കിടക്കുന്ന സ്ഥലം അഗ്‌നിരക്ഷാസേന യുണിറ്റിനോ, താലൂക്ക് ആസ്ഥാനമായി കോടതിക്കോ ഉപയോഗിക്കാമെന്ന് പഞ്ചായത്തുകളുടെ സംയുക്ത യോഗത്തിൽ നിർദേശം വന്നിരുന്നു. എന്നാൽ, വീട് നിർമാണത്തിന് വാങ്ങിയ വസ്തു മറ്റാവശ്യത്തിന് വിനിയോഗിക്കാനാകില്ലെന്നത് തടസ്സമായി. ഈ സാഹചര്യത്തിൽ നാല് സെന്റുവീതം തിരിച്ച് വസ്തു ഇല്ലാത്തവർക്ക് നൽകാനാണ് നീക്കം. ഇതിനായി ഇവിടെ നിൽക്കുന്ന റബർമരങ്ങൾ ലേലംചെയ്ത് വിൽക്കും. തുടർന്ന് മൂന്ന് പഞ്ചായത്തുകളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ഥലം കൊടുക്കും. അങ്കണവാടി, കളിസ്ഥലം എന്നിവയ്ക്ക് ഇടം ഒഴിച്ചിട്ടശേഷമാണ് ഇത്തരത്തിൽ നൽകുക. പൊതുവായി വഴിയുമുണ്ടാകും. കടുത്ത പന്നിശല്യമുള്ള പ്രദേശമാകയാൽ ചുറ്റുമതിൽകൂടി നിർമിക്കേണ്ടിവരും.
Published: 22 Sept 2026, 01:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented