ശനിയാഴ്ച വൈകിട്ട് ആറിന് കേരള കലാമണ്ഡലത്തിന്റെ 'ദി ഓൾഡ് മാൻ ആൻഡ് ദി സീ' കഥകളിയും 20-ന് വൈകിട്ട് 5.45 ന് മാർഗി തീയേറ്ററിന്റെ 'രുഗ്മാംഗദ ചരിതവും' അരങ്ങേറും.
ചെന്നൈ : കലാക്ഷേത്ര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 17- ാമത് കഥകളി ഉത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് അരങ്ങേറിയ സദനം അക്കാദമിയുടെ 'മണ്ഡോദരി' കഥകളിക്ക് പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചു. രാമായണത്തിലെ ഏറ്റവും ഹൃദയസ്പർശിയും ചടുലവും നാടകീയവുമായ ഭാഗമാണ് മണ്ഡോദരിയുടേത്. കഥകളി രൂപത്തിൽ അവതരിപ്പിക്കാൻ ഏറെ വെല്ലുവിളികളുള്ള ഈ പ്രമേയം സദനത്തിലെ കലാകാരൻമാരുടെ രചനാവൈഭവം കൊണ്ടും അഭിനയശേഷികൊണ്ടും പിന്നണിക്കാരുടെ കൂട്ടായ്മകൊണ്ടും പ്രേക്ഷകരുടെ മനംകവർന്നു.
തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണത്തിൽനിന്നുമെടുത്ത ആശയങ്ങളും വരികളുമാണ് ഈ ആട്ടക്കഥയുടെ സാഹിത്യം. രാമനും രാവണനും മണ്ഡോദരിക്കുമൊക്കെ ഏറെ പ്രസക്തിയുള്ള ഭാഗം കൂടിയാണിത്. ധ്യാനത്തിലിരിക്കുന്ന രാവണന്റെ മുന്നിൽ വെച്ച് പത്‌നിയായ മണ്ഡോദരിയെ വസ്ത്രാക്ഷേപം ചെയ്യുന്നതടക്കമുള്ള രംഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാമായണത്തിലെ ആശയം വേണ്ടരീതിയിലുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി കഥകളി രൂപത്തിലേക്കു പകർന്നാട്ടം നടത്തിയത് സദനം ഹരികുമാറാണ്. രാവണനായി കോട്ടക്കൽ ദേവദാസും മണ്ഡോദരിയായി കലാമണ്ഡലം പ്രവീണും, ശുക്രനും നാരദനുമായി സദനം അശ്വിനും അംഗദനായി സദനം വിപിൻചന്ദ്രനും നീലനായി സദനം അജേഷും ശ്രീരാമനായി കലാമണ്ഡലം ശ്രീരാമനും വേഷമിട്ടു. സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, കോപ്പ് തുടങ്ങിയവ കൈകാര്യം ചെയ്തതും സദനം അക്കാദമിയിലെ കലാകാരൻമാരാണ്.
കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം ജോയന്റ് സെക്രട്ടറി കെ.കെ.മിശ്ര കഥകളി ഉത്സവം ഉദ്ഘാടനം ചെയ്തു. തിരുവാൺമിയൂർ കലാക്ഷേത്രയിലെ ഭരതകലാക്ഷേത്രം ഓഡിറ്റോറിയത്തിലാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കഥകളി ഉത്സവം നടക്കുന്നത്. ശനിയാഴ്ച വൈകിട്ട് ആറിന് കേരള കലാമണ്ഡലത്തിന്റെ 'ദി ഓൾഡ് മാൻ ആൻഡ് ദി സീ' കഥകളിയും 20-ന് വൈകിട്ട് 5.45 ന് മാർഗി തീയേറ്ററിന്റെ 'രുഗ്മാംഗദ ചരിതവും' അരങ്ങേറും. രാവിലെ കഥകളി ശില്പശാലയും ഉണ്ടായിരിക്കും.
Published: 19 Sept 2026, 02:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented