ചെന്നൈ : പൂനമല്ലി ബൈപ്പാസ്-വടപളനി റൂട്ടിൽ മെട്രോ തീവണ്ടി സർവീസ് രാവിലെ ആറിന് ആരംഭിക്കണമെന്നും രാത്രി 11 വരെ തുടരണമെന്നും ആവശ്യമുയരുന്നു.

To advertise here,

ഇപ്പോൾ രാവിലെ ഏഴിന് ആരംഭിച്ച് രാത്രി ഒൻപതുമണിവരെയാണ് സർവീസ്. ഏതാനും റെയിൽവേ സ്‌റ്റേഷനുകളിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാലാണ് സർവീസ് രാത്രി ഒൻപതുവരെയായി ചുരുക്കിയിരിക്കുന്നതെന്ന് മെട്രോ റെയിൽവേ അധികൃതർ പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ രാവിലെ അഞ്ചിനുതന്നെ സർവീസ് ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

പ്രധാനമന്ത്രി മെട്രോ സർവീസ് ഉദ്ഘാടനംചെയ്ത ഞായറാഴ്ച പൂനമല്ലി ബൈപ്പാസ്-വടപളനി റൂട്ടിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമുതലാണ് സർവീസ് ആരംഭിച്ചത്. ഞായറാഴ്ചമാത്രം 25,474 യാത്രക്കാർ സഞ്ചരിച്ചു. ഏറ്റവുംകൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റൂട്ടാണിത്. തിങ്കളാഴ്ചയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മൊത്തം യാത്രക്കാരുടെ എണ്ണം മെട്രോ റെയിൽവേ അധികൃതർ ചൊവ്വാഴ്ച അറിയിക്കും.

മെട്രോ തീവണ്ടി സർവീസ് ആരംഭിച്ചതോടെ റോഡിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. പൂനമല്ലി ബൈപ്പാസിൽനിന്ന് വടപളനിയിലേക്ക് മെട്രോ സ്‌റ്റേഷൻ വരെയുള്ള 14.6 കിലോമീറ്റർ പിന്നിടാൻ 35 മിനിറ്റ്‌ സമയമാണെടുക്കുന്നത്. റോഡുവഴി ഇത്രയും ദൂരം പിന്നിടാൻ ഒരു മണിക്കൂറിലേറെ വേണം.

പൂനമല്ലി ബൈപ്പാസിനും വടപളനിയ്ക്കുമിടയിൽ 15 സ്‌റ്റേഷനുകളാണുളളത്.

പൂനമല്ലി, മുല്ലത്തോട്ടം, കരയൻചാവഡി, കുമനൻചാവഡി, കാട്ടുപ്പാക്കം, അയ്യപ്പൻതാങ്ങൾ, തെള്ളിയരഗരം, പോരൂർ ബൈപ്പാസ്, പോരൂർ ജങ്ഷൻ, ആലപ്പാക്കം, കാരമ്പാക്കം, വത്സരവാക്കം, ആൾവാർതിരുനഗർ, സാലിഗ്രാമം വേർഹൗസ്, സാലിഗ്രാമം എന്നിവയാണവ.

26 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ലൈറ്റ് ഹൗസ്- പൂനമല്ലി ബൈപ്പാസ് മെട്രോ പാതയുടെ നിർമാണം പൂർത്തിയായ 14.6 കിലോമീറ്റർ ഭാഗത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഞായറാഴ്ച നടത്തിയത്.