ബെംഗളൂരു : ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ.
80 വയസ്സായെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
മത്സരിക്കണമെന്ന് അനുയായികൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, മുൻകാലങ്ങളിലെപ്പോലെ സജീവമായി യാത്ര ചെയ്യാനും മറ്റും ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡിന്റെ സമ്മർദത്തെത്തുടർന്ന് കഴിഞ്ഞ മേയിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. തുടർന്ന് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി. ശിവകുമാർ പാർട്ടി ഹൈക്കമാൻഡിൽ ഏറെ സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് സിദ്ധരാമയ്യയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനായത്. ഇതിനുപിന്നാലെ കഴിഞ്ഞ ജൂലായിൽ, രാഷ്ട്രീയം അഴിമതിയിൽ മുങ്ങിയെന്നും സത്യസന്ധതയ്ക്ക് വിലയില്ലാതായെന്നും പറഞ്ഞ് താൻ ഇനി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. തനിക്ക് പ്രായമായ കാര്യവും തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നതിന് കാരണമായി സൂചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തുനിന്നുമാറ്റിയ ശേഷം സിദ്ധരാമയ്യയെ പാർട്ടിയിൽ മാറ്റിനിർത്തുകയാണെന്ന് ആരോപണമുണ്ട്. അതിനിടെയാണ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞപ്പോൾ മകൻ യതീന്ദ്രയെ മന്ത്രിസ്ഥാനത്തെത്തിക്കാൻ സിദ്ധരാമയ്യക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ പ്രകാശനത്തിന് സിദ്ധരാമയ്യക്ക് സദസ്സിൽ അഞ്ചാമത്തെ നിരയിലാണ് ഇരിപ്പിടം ലഭിച്ചത്.
ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പാർട്ടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം സിദ്ധരാമയ്യ തള്ളി. താൻ വൈകിയെത്തിയതായിരുന്നെന്നും തന്നെ ആരും ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Published: 20 Nov 2026, 12:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented