ബെംഗളൂരു : ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അരങ്ങിന്റെ ഭാഗമാക്കാനുള്ള വിദ്യാർഥി പ്രതിഭകളുടെ മാറ്റുരയ്ക്കലിന് വേദിയായി ദക്ഷിണേന്ത്യാ സ്കൂൾ ശാസ്ത്രനാടകോത്സവം ബെംഗളൂരുവിൽ തുടങ്ങി. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയം സംഘടിപ്പിച്ച 24-ാമത് നാടകോത്സവത്തിനാണ് തുടക്കമായത്. കേരളത്തിൽനിന്നുള്ള രണ്ട് സ്കൂളുകളുടേതുൾപ്പെടെ പത്ത് നാടകങ്ങൾ ആദ്യദിവസം അരങ്ങേറി. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയർസെക്കൻഡറി സ്കൂളാണ് ആദ്യദിവസമെത്തിയ പ്രമുഖ ടീം. ‘വണ്ടി’ എന്ന നാടകമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. കൊല്ലം കരുനാഗപ്പള്ളി പാവുമ്പ ഹൈസ്കൂളായിരുന്നു മറ്റൊരു മലയാളി ടീം. ‘വെൽക്കം ടു അസ്ഗാർഡിയ’ എന്ന നാടകമാണ് അവർ അവതരിപ്പിച്ചത്. മലപ്പുറം വട്ടംകുളം പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളും മത്സരത്തിനെത്തിയിട്ടുണ്ട്. ഇവരുടെ നാടകാവതരണം വെള്ളിയാഴ്ച നടക്കും.

To advertise here,

കേരളത്തിൽനിന്നും മൂന്ന് സ്കൂളുകളുൾപ്പെടെ 13 ടീമുകളാണ് മത്സരത്തിനെത്തിയത്. ശാസ്ത്രവുമായി ബന്ധപ്പെട്ട ആശയങ്ങളെ അരങ്ങിന്റെ ഭാഗമാക്കിമാറ്റാനുള്ള കുട്ടികളുടെ ശ്രമം നാടകങ്ങളിൽ കാണാമായിരുന്നു.

ലക്ഷദ്വീപിലെ രണ്ടു സ്കൂളുകളും ഇത്തവണ മത്സരിക്കാനെത്തി. ഇതാദ്യമായാണ് ലക്ഷദ്വീപിൽനിന്നുള്ള പങ്കാളിത്തമുണ്ടാകുന്നത്. രണ്ട് സ്കൂളുകളും മലയാളം നാടകങ്ങളാണ് അവതരിപ്പിച്ചത്. മാഹിയിൽനിന്നെത്തിയ ടീമും മലയാളനാടകം അവതരിപ്പിച്ചു.

13 നാടകങ്ങളിൽ ആറും മലയാള നാടകങ്ങളാണ്. വിജയികളാകുന്ന ടീമുകൾ ജനുവരി ആറുമുതൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തിൽ പങ്കെടുക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബ്രെയിൻ റിസർച്ച് സെന്റർ പ്രിൻസിപ്പൽ സയന്റിസ്റ്റ് രവി മുദ്ദഷെട്ടി ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഡയറക്ടർ കെ. സാജു ഭാസ്കരൻ അധ്യക്ഷത വഹിച്ചു. നാടകോത്സവം വെള്ളിയാഴ്ച സമാപിക്കും. സമാപനസമ്മേളനം മുതിർന്ന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എ.എസ്.കെ.വി.എസ്. ശർമ ഉദ്ഘാടനം ചെയ്യും. ജേതാക്കളെ സമാപനസമ്മേളനത്തിൽ പ്രഖ്യാപിക്കും.