ബെംഗളൂരു : നിർമിതബുദ്ധിയിൽ (എ.ഐ.) അടക്കം സാങ്കേതികരംഗത്ത് മുന്നേറ്റം ലക്ഷ്യമാക്കി ആറ് പ്രത്യേകപദ്ധതികൾ നടപ്പാക്കാൻ സർക്കാർ. കർണാടക എ.ഐ. ഹബ്ബ്, ബെംഗളൂരു റോബോട്ടിക്സ് ആൻഡ് എ.ഐ. ഇനവേഷൻ സോൺ, 2ഡി ഇനവേഷൻ ഹബ്ബ്, ഇൻഫിലാബ്, കെ.ഹീൽ, ഇനവേഴ്‌സ് എന്നീ സംരംഭങ്ങളാണ് 29-ാമത് ബെംഗളൂരു ടെക് സമ്മിറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതികരംഗത്തെ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്നായിരിക്കും ഈ പദ്ധതികൾ നടപ്പാക്കുക.

To advertise here,

ബെംഗളൂരുവിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി(ഐ.ഐ.ഐ.ടി) കേന്ദ്രമായുള്ള എ.ഐ. ഹബ്ബിന്റെ ആദ്യസംരംഭം എ.ഐ. സർവകലാശാലയായിരിക്കും. നൈപുണ്യവികസനം, ഗവേഷണം തുടങ്ങിയവയിലൂടെ വിദഗ്ധരെ വളർത്തിയെടുക്കുകയാണ് എ.ഐ. ഹബ്ബിന്റെ ലക്ഷ്യം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐ.ഐ.എസ്.സി.) സഹകരണത്തോടെയാണ് ബെംഗളൂരു റോബോട്ടിക് ആൻഡ് എ.ഐ. ഇനവേഷൻ സോൺ (ബ്രെയിൻസ്) ആരംഭിക്കുന്നത്. റോബോട്ടിക്സ്, എ.ഐ., ഡീപ് ടെക് മേഖലകളുടെ വികസനത്തിനുള്ള ഹബ്ബാണ് ഒൻപത് ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുക. ഗവേഷണസ്ഥാപനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ ഒരുമിച്ചുകൊണ്ടുവരുന്ന ഈ സംരംഭത്തിനായി അഞ്ചുവർഷത്തിനിടെ 1000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

സെമി കണ്ടക്ടർ നിർമാണവും വികസനവും ഗവേഷണവും ലക്ഷ്യമാക്കിയാണ് 2ഡി ഇനവേഷൻ ഹബ്ബ് ആരംഭിക്കുന്നത്. ഒരു ലക്ഷം ചതുരശ്രഅടി വലുപ്പമുള്ള കെട്ടിടത്തിലായിരിക്കും പ്രവർത്തനം. സെമി കണ്ടക്ടർരംഗത്തെ കണ്ടുപിടിത്തങ്ങൾക്കും ആധുനിക നിർമാണപ്രവർത്തനങ്ങൾക്കുംവേണ്ടി ഐ.ഐ.എസ്.സി.യിലെ സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എൻജിനിയറിങ്ങിന്റെ സഹായത്തോടെയായിരിക്കും ഇൻഫിലാബ് പ്രവർത്തിക്കുക.

ആരോഗ്യ-ചികിത്സാ മേഖലയിലെ സാങ്കേതികവിദ്യാവികസനത്തിനുവേണ്ടിയുള്ള പദ്ധതിയാണ് കർണാടക ഹെൽത്ത് എൻജിനിയറിങ് ആൻഡ് അഡ്വാൻസ്ഡ് ലൈഫ് സയൻസസ് (കെ.ഹീൽ) ആരംഭിക്കുക. ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനുവേണ്ടിയാണ് ഇനവേഴ്‌സ് പദ്ധതി നടപ്പാക്കുന്നത്. എ.ഐ., ഡീപ് ടെക്‌നോളജി, സെമി കണ്ടക്ടർ നിർമാണം, ബയോടെക്‌നോളജി മേഖലയിലെ ആഗോളകേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് സമ്മിറ്റ് ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

ആൻഡ് ബിയോണ്ട് എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങളും ചർച്ചകളും സെമിനാറുകളുമാണ് മൂന്നുദിവസം നീളുന്ന സമ്മിറ്റിലുള്ളത്. 65 രാജ്യങ്ങളിൽനിന്നായി 10,000 പ്രതിനിധികളും 700 പ്രഭാഷകരും പങ്കെടുക്കും. 1500 പ്രദർശന സ്റ്റാളുകളുണ്ട്. രാജ്യത്തുനിന്ന് 1000 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നുണ്ട്. 50,000 ചതുരശ്ര അടി വലുപ്പമുള്ള എ.ഐ. ആൻഡ് റോബോട്ടിക് പവിലിയനാണ് ഇത്തവണത്തെ മറ്റൊരു പ്രധാന ആകർഷണം. ഉദ്ഘാടനച്ചടങ്ങിൽ കർണാടക ആഭ്യന്തര-ഐ.ടി. വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ, ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി അജയ് സിങ്, മൈക്രോസോഫ്റ്റ് ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്ദോക്, ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ എ.എസ്. കിരൺകുമാർ, സംരംഭകരായ കിരൺ മജുംദാർ ഷാ, ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.