ബെംഗളൂരു : സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലക്ഷ്യമിട്ടുള്ള ‘നാരീശക്തി വന്ദൻ അധിനിയം’ താമസിയാതെ നടപ്പാകുമെന്ന് ലോക്‌സഭാസ്പീക്കർ ഓം ബിർള. പഞ്ചായത്തുകൾമുതൽ പാർലമെന്റുവരെ സ്ത്രീകളുടെ നേതൃത്വം വ്യാപിപ്പിക്കാൻ നിയമം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിൽ കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻസ് (സി.ഡബ്ല്യു.പി.)ഇന്ത്യ റീജണൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലും തദ്ദേശസ്ഥാപനങ്ങളും 50 ശതമാനംവരെ വനിതാസംവരണം നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിലും നിയമസഭകളിലും അതുപോലെ പ്രധാന തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിലും കൂടുതൽ സ്ത്രീകൾ വരുന്നത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കുമെന്നും ഇത് ജനങ്ങളുടെ പ്രശ്നങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്നതും ഉത്തരവാദിത്വമുള്ളതുമായ ഒരു ഭരണവ്യവസ്ഥ ഉണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ രംഗത്ത് വനിതാ ജനപ്രതിനിധികളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യസ്ഥാപനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്വവും കാര്യക്ഷമതയും വർധിപ്പിക്കാൻ നിർമിതബുദ്ധിക്കും സാങ്കേതിക വിദ്യക്കും സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
വിധാൻ സൗധയിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കർണാടക സ്പീക്കർ ജി.എസ്. പാട്ടീൽ,
നിയമനിർമാണ കൗൺസിൽ ചെയർമാൻ സലീം അഹമ്മദ്, സി.ഡബ്ല്യു.പി. ഇന്ത്യ റീജണൽ ചെയർപേഴ്‌സൺ ഡി. പുരന്തേശ്വരി എം.പി. തുടങ്ങിയവർ സംബന്ധിച്ചു.
രണ്ടുദിവസത്തെ സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ എം.പി.മാരും എം.എൽ.എ.മാരും എം.എൽ.സി.മാരുമാണ് പങ്കെടുക്കുന്നത്.
കേരളത്തിൽനിന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എ.മാരായ കെ.കെ. രമ, ഫാത്തിമ തഹിലിയ, ഉഷാ വിജയൻ എന്നിവർ പങ്കെടുത്തു.
Published: 18 Nov 2026, 12:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented