ബെംഗളൂരു : തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ ബെംഗളൂരുവിൽ വ്യാഴാഴ്ച നടന്ന സമരത്തിൽ പങ്കെടുത്ത യുറ്റ്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയുടെ പൗരത്വത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മുൻ സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു. കർണാടക ബി.ജെ.പി. നേതാവുകൂടിയായ ഭാസ്കർറാവു ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. ധ്രുവ് റാഠിയുടെ ഇമിഗ്രേഷൻ, വിസ രേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

To advertise here,

നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച സമരത്തിലാണ് കോക്രോച്ച് ജനതാപാർട്ടി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷ് എന്നിവർക്കൊപ്പം ധ്രുവ് റാഠിയും അണിചേർന്നത്. നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ പ്രസംഗിക്കുകയും ചെയ്തു. പ്രത്യേക വിസയുടെയോ ഇമിഗ്രേഷൻ അനുമതിയുടെയോ അടിസ്ഥാനത്തിൽ ഇന്ത്യയിലെത്തിയ ഒരു വിദേശപൗരന് ഒരു ഭരണഘടനാസ്ഥാപനത്തിന്റെ (തിരഞ്ഞെടുപ്പു കമ്മിഷൻ) പ്രവർത്തനവുമായി ബന്ധപ്പെടുത്തിയുള്ള സംഘടിത രാഷ്ട്രീയപ്രതിഷേധത്തിൽ പങ്കെടുക്കാനും പ്രസംഗിക്കാനും നിയമപരമായി അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ധ്രുവ് റാഠി ഇന്ത്യയിലെത്തിയതിന്റെ ഉദ്ദേശ്യമെന്താണെന്നും എന്തിനാണ് ഇവിടെ താമസിക്കുന്നതെന്നും പരിശോധിക്കണം -കത്തിൽ ആവശ്യപ്പെട്ടു.

ഹരിയാണയിൽ ജനിച്ച ധ്രുവ് റാഠി ജർമനിയിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കിയതാണ്. പിന്നീട് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും പഠനം തുടർന്നു. അദ്ദേഹം ഇന്ത്യയിലെത്തി ആദ്യമായി പങ്കെടുക്കുന്ന സമരമായിരുന്നു ബെംഗളൂരുവിലേത്.