ചെങ്കളയിൽ മാലിന്യം തള്ളുന്നവരെ പിടിക്കേണ്ട ക്യാമറകളിൽ കാട് കയറി

To advertise here,

ചെർക്കള : പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ കാട്ടുവള്ളികൾ പടർന്നുകയറിയും വേട്ടാളൻ മൺകൂട് കൂട്ടിയും മൂടിയ നിലയിൽ. ചെങ്കള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ക്യാമറകളാണ് പരിപാലനമില്ലാതെ പ്രവർത്തനരഹിതമായത്.

ചെങ്കള പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ രാത്രിയുടെ മറവിൽ തള്ളുന്ന മാലിന്യം കുമിഞ്ഞ് ദുർഗന്ധം അസഹ്യമായത് മാതൃഭൂമി നിരന്തരം വാർത്ത നൽകിയതോടെയാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. 25 ലക്ഷത്തോളം രൂപ ചെലവിൽ വിവിധ കേന്ദ്രങ്ങളിൽ 12 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ക്യാമറകൾ സ്ഥാപിച്ചതോടെ മാലിന്യം തള്ളുന്നതിന് തടയിടാനും കഴിഞ്ഞിരുന്നു. ക്യാമറകൾ സ്ഥാപിച്ച് കൃത്യമായി പരിപാലിച്ചിരുന്നതായും രാത്രി വാഹനത്തിൽ മാലിന്യം തള്ളിയവരെ നിരീക്ഷണ ക്യാമറയിലൂടെ കണ്ടെത്തി പിഴയീടാക്കിയിരുന്നതായും മുൻ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ പറഞ്ഞു.

ചെർക്കള ബസ്‌സ്റ്റാൻഡിൽനിന്ന് ബോവിക്കാനം-ബദിയഡുക്ക ഭാഗത്തേക്ക് ബസുകൾ പോകുന്ന റോഡരികിൽ പ്രത്യകം ഇരുമ്പ് തൂണിട്ട് ഇരുഭാഗത്തേക്കുമായി നാല് ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. മാലിന്യം വ്യാപകമായി തള്ളിയിരുന്ന ഇവിടെ ക്യാമറ സ്ഥാപിച്ചതോടെ ഇതിന് തടയിടാനും കഴിഞ്ഞിരുന്നു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾക്ക് കാര്യമായ പരിപാലനം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്. ക്യാമറകളിലേക്ക് കാട്ടുവള്ളികളും ചെടികളും പടർന്നുകയറി ദൃശ്യങ്ങൾ പകർത്താനുള്ള ഭാഗങ്ങൾ മറച്ചിരിക്കുകയാണ്. ക്യാമറകൾ നിലവിൽ പ്രവർത്തിക്കുന്നുമില്ല. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്ന സാഹചര്യത്തിൽ ക്യാമറകളുടെ പ്രവർത്തനം നിലച്ചത് പ്രതിസന്ധിയായി.

പൊതുജനങ്ങളുടെ പണം ചെലവഴിച്ച് സ്ഥാപിക്കുന്ന ഇത്തരം സംവിധാനങ്ങളുടെ തുടർപരിപാലനവും പ്രവർത്തനക്ഷമത ഉറപ്പാക്കലും അധികൃതരുടെ ഉത്തരവാദിത്വമാണെങ്കിലും ഇതിനെതിരെ കണ്ണടക്കുകയാണെന്നും പരാതിയുണ്ട്. ക്യാമറകളിലേക്ക് പടർന്ന കാട്ടുവള്ളികൾ നീക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനൊപ്പം ഇത്തരം നിരീക്ഷണ സംവിധാനങ്ങളുടെ പരിപാലനത്തിനും സ്ഥിരമായ സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടുവള്ളികൾ വെട്ടിമാറ്റി ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഒന്നരമാസം മുൻപ് ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറി എം.വി.സുമേഷ് പറഞ്ഞു.