രാജ്ഞിയുടെ ആവശ്യം നിരസിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ
ദസറ എങ്ങനെ നടത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി
മൈസൂരു : ദസറ നടത്തിപ്പുമായി ബന്ധപ്പെട്ട് മൈസൂരു രാജകുടുംബവും കർണാടകസർക്കാരും തമ്മിൽ തർക്കം.
വിജയദശമി ദിനത്തിൽ ജംബു സവാരി നടത്തരുതെന്നും ഈ ദിവസം കൊട്ടാരം പൂർണമായും രാജകുടുംബത്തിന് വിട്ടുനൽകണമെന്നുമുള്ള മൈസൂരു രാജ്ഞി പ്രമോദ ദേവി വോഡയാറുടെ ആവശ്യം മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ നിരസിച്ചിരുന്നു.
ഈ ദസറയിൽ പോലീസിന്റെയും ചില ഉദ്യോഗസ്ഥരുടെയും അനുചിതമായ ഇടപെടലിലൂടെ കൊട്ടാരത്തിൽനടക്കുന്ന പൂജകൾ തടസ്സപ്പെട്ടുവെന്ന് പ്രമോദ ദേവി മാധ്യമങ്ങൾക്കു നൽകിയ കത്തിൽ ആരോപിച്ചു.
‘‘വിജയദശമിക്കു ശേഷം ചാമുണ്ഡിക്കുന്നിലെ രഥോത്സവം നടന്ന ശനിയാഴ്ച ജംബു സവാരി നടത്തണമെന്നായിരുന്നു രാജകുടുംബത്തിന്റെ ആവശ്യം. അങ്ങനെവന്നാൽ നവമി, ദശമി ദിവസങ്ങളിൽ കൊട്ടാരത്തിൽ നടക്കുന്ന ആചാരങ്ങളും പൂജകളും തടസ്സപ്പെടുകയുമില്ല.
ഈ ദസറയിൽ മുഴുനീളം സർക്കാർ വകുപ്പുകളും പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മ രാജകുടുംബത്തെ ബുദ്ധിമുട്ടിച്ചു. ജംബു സവാരി സമയത്ത് കൊട്ടാരപരിസരത്തെ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരും കുടുംബവും സവാരിയിൽ സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു. ഇത് തീർത്തും അനുചിതമാണ്’’- രാജ്ഞി കത്തിൽ ആരോപിച്ചു.
എന്നാൽ, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന വാദവുമായി മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. കൊട്ടാരവും പരിസരവും സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നും ദസറ എങ്ങനെ നടത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കൊട്ടാരത്തിന്റെ ഒരുഭാഗം മാത്രമാണ് രാജകുടുംബത്തിനു താമസിക്കാൻ വിട്ടുനൽകിയത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ സർക്കാരിനെ നേരിട്ടറിയിക്കണം. അല്ലാതെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നതു ശരിയല്ല.
ചാമുണ്ഡിക്കുന്നിലെ രഥോത്സവദിവസം ജംബൂ സവാരി നടത്തണമെന്ന നിർദേശം നടപ്പാകില്ല. ജനാധിപത്യ സംവിധാനത്തിൽ ദസറ ഒരു ദേശീയ ഉത്സവമാണ്. സ്വകാര്യ ഉത്സവമല്ല. അതിനാൽ, എങ്ങനെ ആഘോഷിക്കണം എന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് സർക്കാരാണ്- മന്ത്രി പ്രതികരിച്ചു.
Published: 27 Oct 2026, 12:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented