ന്യൂനപക്ഷ സമുദായക്കൂട്ടായ്മ പ്രതിഷേധ റാലി നടത്തി
ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷ മതവിഭാഗങ്ങളുടെ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന തരത്തിലുള്ളതാണെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. മതപരിവർത്തന നിരോധന നിയമം റദ്ദാക്കുകടക്കം ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ സമുദായക്കൂട്ടായ്മ നടത്തിയ പ്രതിഷേധ റാലിയിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
ഭരണഘടന അനുവദിക്കുന്ന അവകാശംമാത്രമാണ് ന്യൂനപക്ഷങ്ങൾ ആവശ്യപ്പെടുന്നത്. ഭരണഘടനാനുസൃതമുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
കർണാടക സംസ്ഥാന മുസ്ലിം ഒക്കൂട്ട കൺവീനർ യാസിൻ മൽപെ, ജാമിയത്ത് ഉലമ ഇ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഫ്തി ആർ. മുഹമ്മദ്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ. നീല, ദളിത് സംഘർഷ സമിതി സംസ്ഥാന പ്രസിഡന്റ് ശങ്കർ, മാധ്യമ പ്രവർത്തകർ ബി.എം. ഹനീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്രിസ്ത്യൻ, മുസ്ലിം, ദളിത് വിഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെേേപ്പർ റാലിയിൽ പങ്കെടുത്തു. മതപരിവർത്തന നിരോധന നിയമം പിൻവലിക്കുക, വിദ്വേഷ പ്രചാരണ നിരോധന നിയമ ബിൽ നടപ്പാക്കുക, ഗോവധനിരോധനനിയമം പിൻവലിക്കുക, മുസ്ലിം വിഭാഗത്തിന് 2-ബി സംവരണം വീണ്ടും അനുവദിക്കുക, ക്രിസ്ത്യൻ വിഭാഗത്തിന് ഒ.ബി.സി. പട്ടികയിൽ ഒരു ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യോഗത്തിൽ പ്രമേയം പാസാക്കി. ഇവ നടപ്പാക്കുന്നതിന് മുഖ്യമന്ത്രി സമയപരിധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
മതപരിവർത്തന നിരോധനനിയമം പിൻവലിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ
നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ നടപടിയെടുക്കും
ബെംഗളൂരു : സംസ്ഥാനത്തെ മതപരിവർത്തന നിരോധനനിയമം പിൻവലിക്കാൻ നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ സമുദായ കൂട്ടായ്മ നടത്തിയ പ്രതിഷേധറാലിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഹരിപ്രസാദ്. പാർട്ടിയുടെ എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിറവേറ്റും.
കോൺഗ്രസ് രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണ്. ഒരു മതത്തിന്റെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തമാസമാണ് നിയമസഭയുടെ ശീതകാലസമ്മേളനം ആരംഭിക്കുന്നത്.
Published: 13 Nov 2026, 12:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented