പ്രസംഗകരുടെ പട്ടികയിൽ നിന്ന് പേര് വെട്ടിയെന്ന് മന്ത്രി
ബെംഗളൂരു : നമ്മ മെട്രോ റെയിൽ പദ്ധതിയ്ക്കുള്ള സംസ്ഥാന-കേന്ദ്ര വിഹിതം സംബന്ധിച്ച് തർക്കംമുറുകി. മെട്രോയുടെ മൂലധനെച്ചലവിന്റെ 84 ശതമാനവും സംസ്ഥാന സർക്കാരാണ് കണ്ടെത്തുന്നതെന്നും കേന്ദ്ര വിഹിതം 16 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും കഴിഞ്ഞദിവസം ബെംഗളൂരു നഗരവികസന വകുപ്പുമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞത് ബി.ജെ.പി. ഏറ്റെടുത്തതോടെയാണ് വാദപ്രതിവാദങ്ങൾക്ക് തുടക്കമായത്. ഇതിനിടെ വെള്ളിയാഴ്ച നടക്കുന്ന മെട്രോ പിങ്ക് പാത ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽനിന്ന് തന്റെ പേര് വെട്ടിയെന്ന ആരോപണവുമായി കൃഷ്ണബൈരെ ഗൗഡ രംഗത്തുവന്നു.
മെട്രോ പദ്ധതിക്ക് ഫണ്ട് ചോദിച്ചതിന് തനിക്ക് സമ്മാനം ലഭിച്ചുവെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ സംസാരിക്കാനുള്ള അവസരം നിഷേധിച്ചുവെന്നും മന്ത്രി എക്സിൽ കുറിച്ചു. ചടങ്ങിൽ പ്രസംഗിക്കുന്നവരുടെ ആദ്യ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നുവെന്നും എന്നാൽ അന്തിമ പട്ടിക വന്നപ്പോൾ പേര് വെട്ടിയെന്നുമാണ് മന്ത്രിയുടെ ആരോപണം. ഉദ്ഘാടനച്ചടങ്ങിലെ കാര്യപരിപാടികളുടെ ആദ്യക്രമവും തിരുത്തൽ വരുത്തിയ ക്രമവും എക്സിൽ മന്ത്രി പങ്കിട്ടിട്ടുണ്ട്. ഇതിൽ അന്തിമ പട്ടികയിൽ മന്ത്രിയുടെ പേരുമാത്രമാണ് വെട്ടിയിരിക്കുന്നത്.
മെട്രോയുടെ നാല് ഘട്ടങ്ങൾക്കായി 77,891 കോടി രൂപ ചെലവാകുമ്പോൾ ഇതിൽ 12,600 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതമെന്നാണ് കൃഷ്ണബൈരെ ഗൗഡയുടെ ആരോപണം. 50:50 എന്ന അനുപാതത്തിൽ കേന്ദ്രവുംസംസ്ഥാനവും ഫണ്ട് നൽകേണ്ട മെട്രോ റെയിലിനുവേണ്ടി സംസ്ഥാന സർക്കാർ അഞ്ചുരൂപ മുടക്കുമ്പോൾ ഒരു രൂപയാണ് കേന്ദ്ര വിഹിതമെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെ ആരോപണം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശരിവെച്ചു. എന്നാൽ സർക്കാർ തെറ്റായ കണക്കുകാട്ടി കബളിപ്പിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
പദ്ധതി നടപ്പാക്കുന്നത് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ്(ബി.എം.ആർ.സി.എൽ.). ഇത് രൂപവത്കരിച്ചത് കേന്ദ്രവും സംസ്ഥാനവും തുല്യമായി ഫണ്ട് നൽകിയാണെന്ന് ബി.ജെ.പി. എം.പി. തേജ്വസി സൂര്യ എം.പി. പറഞ്ഞു. ബി.എം.ആർ.സി.എൽ. കണ്ടെത്തുന്ന പണവും സംസ്ഥാന സർക്കാർ വിഹിതമാണെന്ന് അവകാശപ്പെടുകയാണെന്നും ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റ ജാമ്യത്തിൽ വിദേശ ധനകാര്യ സ്ഥാനപങ്ങളിൽനിന്ന് ലഭിക്കുന്ന വായ്പയെയും സംസ്ഥാന ഫണ്ടാണെന്ന് സർക്കാർ അവകാശപ്പെടുകയാണ്.
സത്യത്തിൽ കേന്ദ്രം 54 ശതമാനം ചെലവ് വഹിക്കുമ്പോൾ സംസ്ഥാനം 46 ശതമാനം മാത്രമാണ് വഹിക്കുന്നതെന്നും തേജ്വസി സൂര്യ പറഞ്ഞു.
Published: 13 Nov 2026, 12:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented