ബാര തോടിനടുത്ത് ടാറിങ് ഉടൻ തുടങ്ങും
ബാര: പൊളിയുന്ന പാലം പുതുക്കിപ്പണിതില്ല. നടന്നു കയറുമ്പോൾ കഠിനമായ കയറ്റം കുറച്ചിട്ടുമില്ല. എന്നാലും627 മീറ്റർ റോഡ് ടാറിങ് ഉടൻ തുടങ്ങും. നിയമ പ്രശ്‌നങ്ങളിലൂടെയും മധ്യസ്ഥ ചർച്ചകളിലൂടെയും ഏറെക്കാലം നിർമാണം നീണ്ടുപോയ , ബാര മഹാവിഷ്ണു ക്ഷേത്രപരിസരം മുതൽ കുറുക്കൻ മാടി അങ്കണവാടി വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡിന്റെ നിലവിലെ സ്ഥിതിയിൽ ടാറിങ് പൂർത്തിയാക്കാനാണ് കരാറായിട്ടുള്ളത്.ബാര തോടിന് കുറുകെയുള്ള വി.സി. ബി യുടെ ഇരുവശത്തും 25 മീറ്റർ വീതം ഒഴിവാക്കി, ബാക്കി ഭാഗത്താണ് ടാറിങ് നടത്തുക. പാലത്തിന് കിഴക്ക് ഭാഗത്ത് ഒഴിവാക്കിയ സ്ഥലം കഴിയുന്നിടം മുതൽ 50 മീറ്റർ കോൺക്രീറ്റ് റോഡും കരാറിലുണ്ട്.
അത് ആദ്യം ചെയ്യാനുള്ള നടപടിക്കായി ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. 40 ലക്ഷമായിരുന്നു അടങ്കൽ. 30 ലക്ഷത്തിലധികം രൂപയ്ക്കാണ് കരാറായിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽപ്പെടുത്തി പുനരുദ്ധരിച്ച ദേളി - മാങ്ങാട് - മൈലാട്ടി - കരിച്ചേരി റോഡിൽ പ്പെടുന്ന 8.7 കിലോമീറ്റർ പാതയിൽപ്പെട്ട ഈ 680 മീറ്റർ ജില്ലാ പഞ്ചായത്തിന് മടക്കി കിട്ടിയതിന് പിന്നിൽ എതിർപ്പിന്റെയും സമരസപ്പെടലിന്റെയും കഥയുണ്ട്.
എതിർപ്പ് പല വഴിയിലൂടെ
ബാര തോടിന് കുറുകെ ജലസേചന വകുപ്പിന്റെ ആസ്തിയിൽപ്പെടുന്ന വി.സി.ബി ഉണ്ട്. (അടിയിൽ ദ്രവിച്ച കമ്പികൾ കാണുന്നതും മുകൾ പൊളിഞ്ഞു തുടങ്ങിയതും, കൈവരികൾ ഒടിഞ്ഞു തൂങ്ങിയതുമായ ഇതിലൂടെയാണ് നിലവിലെ വാഹന സഞ്ചാരം).
അത് പുതുക്കിപ്പണിയുക, കുറച്ചപ്പുറമുള്ള വലിയ കയറ്റം കുറയ്ക്കാൻ മൂന്ന് മീറ്റർ താഴ്‌ത്തുക എന്നതടക്കമുള്ള ജോലിക്കാണ് 2022- ൽ5.8 കോടിയുടെ കരാറായത്. വി.സി.ബി. പൊളിക്കാൻ ജലസേചന വകുപ്പ് ആദ്യം അനുമതി നൽകിയില്ല. ആസ്‌തിയിലുള്ളത് നഷ്‌ടപ്പെടുമ്പോൾ പകരം മറ്റൊന്ന് നൽകണമെന്ന വ്യവസ്ഥയിൽ പിന്നീട് ഇത് പൊളിക്കാൻ അനുമതി ലഭിച്ചു.
ഇതേത്തുടർന്ന് ജില്ലാപഞ്ചായത്ത് ആവശ്യമായ തുക ജലസേചന വകുപ്പിന് മുൻകൂർ നൽകി. അതിനിടയിൽ റോഡ് മൂന്ന് മീറ്റർ താഴ്‌ത്തുമ്പോൾ തങ്ങളുടെ വീടിനും സഞ്ചാര സ്വാതന്ത്ര്യത്തിനും ഭീഷണിയാകുമെന്നും പറഞ്ഞ് ചിലർ രംഗത്തുവന്നു.അതിനൊപ്പംഅടുത്തുള്ള ഒരാൾ തന്റെ സ്ഥലത്തേക്ക് പാലം നിർമാണം കടക്കുമെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടിയിലേക്കും കടന്നു.
അതോടെ തർക്കപ്രദേശം ഒഴിവാക്കി കരാറുകാരൻ മറ്റിടങ്ങളിലെ ജോലി തുടങ്ങി. പരാതിക്കാരുമായി തുടർച്ചയായി നടത്തിയ ചർച്ചയിൽ റോഡ് താഴ്‌ത്തുന്നത് ഒന്നര മീറ്ററാക്കാമെന്ന് ധാരണയായി.
നിയമനടപടിക്കു പോയ ആളുടെ ഭൂമി ഒഴിവാക്കാൻ മറുവശത്ത് കുട്ടിയെടുത്ത് പാലം പണിയുക എന്നതിലേക്കും നാട്ടുകാർ തീരുമാനിച്ചു. ഒത്തുതീർപ്പും, നിയമനടപടികളും കഴിഞ്ഞപ്പോഴേക്കും വർഷങ്ങൾ പിന്നിട്ടു.
ജോലി പൂർത്തിയാക്കിയതിന് ശേഷം 8.7 കിലോമീറ്റർ റോഡിന്റെ അഞ്ച് വർഷത്തെ തുടർ പരിപാലനവും കരാറുകാരന്റെ ചുമതലയാണ്.അതിനാൽ തർക്കം പ്രദേശമായ 680 മീറ്റർ ഒഴിവാക്കി ജോലി പൂർത്തീകരിച്ചതിന്റെ രേഖ കരാറുകാരൻ കൈപ്പറ്റി.
പദ്ധതി നടത്തിപ്പുകാരായ കാസർകോട് പി. ഐ.യു. തർക്കപ്രദേശമായ പാതജില്ലാപഞ്ചായത്തിന് തിരികെ ഏൽപ്പിക്കുകയും ചെയ്തു.അങ്ങനെയാണ് ദേളി മുതൽ കരിച്ചേരി വരെയുള്ള പാതയിൽ ബാര ക്ഷേത്രത്തിന് സമീപം പൊട്ടിപ്പൊളിഞ്ഞ പാലവും കയറ്റവുമുള്ള റോഡും ബാക്കിയായത്.
പരിപാലനവും പാളിയോ ?
അഞ്ച് വർഷം കരാറുകാരൻ പരിപാലിക്കേണ്ടപാത പലയിടത്തും പൊളിഞ്ഞു തുടങ്ങി. മാങ്ങാട് നിന്നും വെടിക്കുന്നിലെത്തുന്നതിനിടയിൽ പലയിടത്തും റോഡിന്റെ ആദ്യ പാളി പൊട്ടിപൊളിഞ്ഞ് കരിങ്കൽ ചീളുകൾ ചിതറിയ നിലയിലായി.
ദിശ സൂചിപ്പിക്കുന്ന ബോർഡുകളോ, പ്രത്യേക നിറമുള്ള മൈൽ കുറ്റികളേ സ്ഥാപിച്ചതായും കാണുന്നില്ല. വലത്തോട്ട് റോഡു തിരിയുന്നിടത്ത് ഇടത്തോട്ട് തിരിവുണ്ടെന്ന ചിഹ്നം സ്ഥാപിച്ചതും കാണാം.
Published: 12 Nov 2026, 04:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented