നഷ്ടമായ വോട്ടുകൾ 27 ശതമാനത്തിൽ ഏറെ

To advertise here,

ബെംഗളൂരു : കർണാടകത്തിൽ എസ്.ഐ.ആറിനെത്തുടർന്ന് മുസ്‌ലിം എം.എൽ.എ.മാരുടെ മണ്ഡലങ്ങളിൽ വോട്ട് ഗണ്യമായി കുറഞ്ഞതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. പത്തു മണ്ഡലങ്ങളിലാണ് വോട്ട് വലിയരീതിയിൽ കുറഞ്ഞത്. ഇൗ പശ്ചാത്തലത്തിൽ എസ്.ഐ.ആർ. റദ്ദാക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ കർണാടക രാജ്യ മുസ്‌ലിം ഒക്കൂട്ടയാണ് (കെ.ആർ.എം.ഒ.) രംഗത്തെത്തിയത്.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷണസ്ഥാപനമായ സങ്കൽപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് മുസ്‌ലിം വോട്ടുകൾ വലിയരീതിയിൽ കുറഞ്ഞതായി വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ 19 ശതമാനത്തോളം വോട്ട് കുറഞ്ഞപ്പോൾ മുസ്‌ലിം എം.എൽ.എ.മാരുടെ മണ്ഡലങ്ങളിൽ നഷ്ടമായ വോട്ടുകൾ 27 ശതമാനത്തിൽ ഏറെയായിരുന്നു.

ഇൗ മണ്ഡലങ്ങളിൽ മുസ്‌ലിം വോട്ടർമാരുടെ എണ്ണത്തിലും വലിയരീതിയിൽ കുറവുണ്ടായി.

പത്തു മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടുകൾ 9.62 ലക്ഷത്തിൽനിന്ന് 7.52 ലക്ഷമായിട്ടാണ് കുറഞ്ഞത്. 25.64 ശതമാനമാണ് കുറവ്.

ഈ 10 മണ്ഡലങ്ങളെയും പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസ് എം.എൽ.എ.മാരാണ്.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളുടെയും കണക്കെടുക്കുമ്പോഴും കൂടുതൽ വോട്ടുകൾ നഷ്ടമായത് ഭരണകക്ഷിയായ കോൺഗ്രസിന്റെ നിർണായകസ്വാധീനമുള്ള മണ്ഡലങ്ങളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

35 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ നഷ്ടമായ 39 നിയമസഭാ മണ്ഡലങ്ങളിൽ 26 മണ്ഡലങ്ങളും കോൺഗ്രസ് സ്ഥാനാർഥികൾ മികച്ച വിജയം നേടിയ മണ്ഡലങ്ങളാണ്.