ബെംഗളൂരു : ഐ.ടി. നഗരമായ ബെംഗളൂരുവിനെയും വിനോദസഞ്ചാരകേന്ദ്രമായ ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് തീവണ്ടി സർവീസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 12-ന് എസ്.എം.വി.ടി. സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് നിർവഹിക്കും. ആദ്യ ദിവസം എസ്.എം.വി.ടി.യിൽനിന്ന് മഡ്ഗാവിലേക്കും മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസ് നടത്തും. സ്ഥിരംസർവീസ് ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.
എസ്.എം.വി.ടി.-മഡ്ഗാവ് വന്ദേഭാരത് ഉദ്ഘാടന പ്രത്യേക തീവണ്ടി (06512) വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 2.55-ന് മഡ്ഗാവിൽ എത്തും. മംഗളൂരു-ബെംഗളൂരു പ്രത്യേക സർവീസ് (06213) വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നുരാത്രി ഒൻപതിന് എസ്.എം.വി.ടിയിൽ എത്തും.
ബെംഗളൂരുവിൽനിന്ന് മഡ്ഗാവിലേക്ക് ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസവും വന്ദേഭാരത് സർവീസുണ്ടായിരിക്കും. മടക്ക സർവീസ് വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ നടത്തും.
ബെംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസ് (26655) രാവിലെ 7.35-ന് യശ്വന്തപുരയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.05-ന് മംഗളൂരുവിൽ എത്തിയതിനുശേഷം രാത്രി 8.55-ന് മഡ്ഗാവിൽ എത്തിച്ചേരും.
മടക്ക തീവണ്ടി (26656) രാവിലെ 8.20-ന് മഡ്ഗാവുനിന്ന് പുറപ്പെട്ട്് 1.50-ന് മംഗളൂരുവിൽ എത്തിയതിനുശേഷം രാത്രി 21.15-ന് യശ്വന്തപുരയിൽ എത്തിച്ചേരും.
നേരത്തെയുള്ള മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്സ് പ്രസിന് (20645/20646) പകരമാണ് ഇപ്പോൾ ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസ് ആരംഭിക്കുന്നത്.
ബെംഗളൂരുവിൽനിന്ന് ഗോവയിലേക്കുള്ള രാത്രിതീവണ്ടി(17309) 12 മണിക്കൂറിൽ ഗോവയിൽ എത്തുമ്പോൾ വന്ദേഭാരതിന്റെ യാത്രാ സമയം 13.20 മണിക്കൂറാണ്.
13 മണിക്കൂറിലേറെ ഇരുന്ന് യാത്രചെയ്യേണ്ടിവരുന്നത് വന്ദേഭാരതിന്റെ വലിയൊരു കുറവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതേ സമയം, ഈ തീവണ്ടിയിൽ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കുള്ള യാത്രാസമയം കുറവാണ്.
മറ്റ് എക്സ്പ്രസ് തീവണ്ടികളിൽ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിൽ എത്തിച്ചേരാൻ 9.30 മണിക്കൂറിൽ കൂടുതൽ വേണ്ടിവരുമ്പോൾ പുതിയ വന്ദേഭാരതിൽ 7.30 മണിക്കൂർ മതിയാകും.
അതിനാൽ കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള മലയാളികൾക്ക് ഈ സർവീസ് ഗുണകരമാണ്.
Published: 12 Nov 2026, 12:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented